അവസാനനിമിഷം ഗയെ രക്ഷകനായി,ജർമ്മനിയോട് സമനില പിടിച്ചു വാങ്ങി സ്പെയിൻ !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടം സമനിലയിൽ കലാശിച്ചു. നേഷൻസ് ലീഗിന്റെ ഗ്രൂപ്പിൽ നാലിൽ നടന്ന ഒന്നാം റൗണ്ട് പോരാട്ടത്തിൽ ജർമ്മനി-സ്പെയിൻ മത്സരമാണ് സമനിലയിൽ കലാശിച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. വിജയത്തിന്റെ വക്കിലെത്തിയ ജർമ്മനിയിൽ നിന്ന് കാളക്കൂറ്റന്മാർ സമനില പിടിച്ചു വാങ്ങുകയായിരുന്നു. മത്സരത്തിന്റെ 95-ആം മിനുട്ടിലാണ് റോഡ്രിഗോയുടെ ഒരു ഹെഡറിൽ നിന്ന് ഹോസെ ഗയെ ഗോൾ കണ്ടെത്തിയത്. ടിമോ വെർണർ ആയിരുന്നു ജർമ്മനിക്ക് വേണ്ടി വല കുലുക്കിയ ആൾ.

ഫെറാൻ ടോറസ്, റോഡ്രിഗോ, ജീസസ് നവാസ് എന്നിവരായിരുന്നു സ്പെയിനിന്റെ മുന്നേറ്റനിരയെ നയിച്ചിരുന്നതെങ്കിൽ ടിമോ വെർണർ, ലിറോയ് സാനെ എന്നിവരെ മുൻ നിർത്തിയാണ് ജർമ്മനി കളത്തിലേക്കിറങ്ങിയത്. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ ആദ്യപകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ അൻപത്തിയൊന്നാം മിനുട്ടിൽ ആണ് ടിമോ വെർണറുടെ ഗോൾ പിറന്നു വീണത്. റോബിൻ ഗോസെൻസിന്റെ പാസിൽ നിന്ന് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് വെർണർ വലകുലുക്കിയത്. തുടർന്നും ജർമ്മനി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പലപ്പോഴും സ്പെയിൻ ഗോൾകീപ്പർ ഡേവിഡ് ഡിഹിയയുടെ കൃത്യമായ ഇടപെടലുകളാണ് സ്പെയിനിന് തുണയായത്. എന്നാൽ മത്സരത്തിന്റെ അവസാനനിമിഷം ജർമ്മനിയുടെ വിജയപ്രതീക്ഷകളെ തച്ചുടച്ചു കൊണ്ട് സ്പെയിനിന്റെ ഗോൾ പിറന്നു. ഫെറാൻ ടോറസിന്റെ ക്രോസ്സ് ഒരു തകർപ്പൻ ഹെഡറിലൂടെ റോഡ്രിഗോ ഗയെക്ക് മറിച്ചു നൽകുകയും താരം അത്‌ വലയിലേക്ക് തട്ടിയിടുകയുടെരുന്നു. ഇതോടെ ഓരോ ടീമുകളും ഓരോ പോയിന്റ് കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ കീഴടക്കി ഉക്രൈൻ മൂന്ന് പോയിന്റ് കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *