ഡിഹിയ അല്ല, തന്നെയാണ് ഒന്നാം ഗോൾകീപ്പർ ആക്കേണ്ടതെന്ന് ഡീൻ ഹെൻഡേഴ്‌സൺ !

ഡേവിഡ് ഡിഹിയ അല്ല, മറിച്ച് താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം ഗോൾ കീപ്പർ ആവേണ്ടതെന്ന് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്‌സൺ. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് താരം ക്ലബ്ബിന് മുന്നറിയിപ്പ് നൽകിയത്. ഇംഗ്ലണ്ടിൽ ഒന്നാം കീപ്പർ ആയ താൻ തന്നെയാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിലും ഒന്നാം ഗോൾകീപ്പർ ആവാൻ അർഹൻ എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. താൻ പുറത്തിരുന്നു കൊണ്ട് കളി കാണുന്നത് തനിക്കൊരിക്കലും യോജിച്ചു പോവാനാവാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോൺ കാലാവധി കഴിഞ്ഞ് ഈ സീസണിൽ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ താരമാണ് ഡീൻ. കഴിഞ്ഞ സീസണിൽ ഷെഫീൽഡിന് വേണ്ടി തകർപ്പൻ പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു. തുടർന്ന് യുണൈറ്റഡിൽ മടങ്ങി എത്തിയ താരം അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം തന്നെ ഒന്നാം കീപ്പർ ആക്കണമെന്ന് ആവിശ്യപ്പെട്ടത്.

” തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞാൻ ഒന്നാം ഗോൾകീപ്പർ സ്ഥാനം അർഹിക്കുന്നു. ഒരു മികച്ച സീസൺ കഴിഞ്ഞ ശേഷം തിരികെ വന്നു ഞാൻ കളിക്കാതെ പുറത്തിരിക്കുമെന്ന് ചിന്തിക്കുന്നില്ല. ചുറ്റും ഫുട്ബോൾ നടക്കുമ്പോൾ കളിക്കാതെ ബെഞ്ചിൽ ഇരിക്കുന്നതിനോട് എനിക്ക് യോജിച്ച് പോവാൻ കഴിയില്ല. അത്‌ ആരെയും സഹായിക്കാൻ പോവുന്നില്ല എന്നതാണ് വസ്തുത. എന്റെ ലക്ഷ്യം എന്നുള്ളത് ടീമിൽ ഇടം നേടി കളിക്കുക എന്നുള്ളതാണ്. അത്‌ കൊണ്ട് തന്നെ ഞാൻ വിട്ടുനൽകാനൊന്നും പോവുന്നില്ല. ഞാൻ സമ്മർദ്ദം ചെലുത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് ” ഡീൻ ഹെൻഡേഴ്‌സൺ പറഞ്ഞു. നിലവിൽ ഡിഹിയക്ക് 2023 വരെ യുണൈറ്റഡിൽ കരാർ ഉണ്ട്. പക്ഷെ താരം മോശം ഫോമിലാണ് നിലവിൽ. നിലവിൽ ഇംഗ്ലണ്ട് ടീമിൽ കളിക്കാനൊരുങ്ങി നിൽക്കുകയാണ് ഹെൻഡേഴ്‌സൺ.

Leave a Reply

Your email address will not be published. Required fields are marked *