ക്വാറന്റയിൻ ഒഴിവാക്കണം, രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന് അറിയിച്ച് ജോവിച്ച് !

ക്വാറന്റയിൻ ഒഴിവാക്കാൻ വേണ്ടി രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന് അറിയിച്ച് റയൽ മാഡ്രിഡ്‌ സ്ട്രൈക്കെർ ലൂക്ക ജോവിച്ച്. ഇന്നലെ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. തന്റെ അന്താരാഷ്ട്രടീമായ സെർബിയക്ക് വേണ്ടി കളിച്ചാൽ പിന്നീട് റയലിലേക്ക് മടങ്ങി വരുമ്പോൾ താരം നിർബന്ധിത ക്വാറന്റയിനിൽ പോവേണ്ടി വരും. ഇതിനാലാണ് താരം സെർബിയ ടീമിനൊപ്പം ചേരാതെ സ്പെയിനിൽ തന്നെ തുടരാൻ തീരുമാനിച്ചത്. ഇന്ന്, അതായത് തിങ്കളാഴ്ച്ചയാണ് സിദാന് കീഴിൽ താരങ്ങൾ പരിശീലനം ആരംഭിക്കുന്നത്. ജോവിച്ച് ഇന്ന് റയൽ മാഡ്രിഡ്‌ ടീമിനൊപ്പം വൽഡെബെബാസിൽ അണിചേരും.

സെപ്റ്റംബറിലാണ് സെർബിയ യുവേഫ നേഷൻസ് ലീഗ് കളിക്കാനൊരുങ്ങുന്നത്. തുർക്കി, റഷ്യ എന്നിവരാണ് സെർബിയയുടെ എതിരാളികൾ. ഈ മത്സരങ്ങൾക്ക് വിദേശത്ത് പോയാൽ തിരിച്ചെത്തുമ്പോൾ ലാലിഗയുടെ നിയമപ്രകാരം ജോവിച്ച് ക്വാറന്റയിനിൽ കഴിയേണ്ടി വരും. ഇതൊഴിവാക്കാനാണ് ജോവിച് ഈയൊരു തീരുമാനം എടുത്തത്. മുമ്പ് ഇക്കാര്യത്തിൽ പുലിവാല് പിടിച്ച താരമാണ് ജോവിച്ച്. കോവിഡ് പ്രശ്നത്തിൽ എല്ലാവരോടും ക്വാറന്റയിനിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡ്‌ നിർദ്ദേശം നൽകിയ സമയത്ത് ജോവിച്ച് അത്‌ ലംഘിച്ചു കൊണ്ട് തിരിച്ച് സെർബിയയിലേക്ക് പറന്നിരുന്നു.ഇത് വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഞായറാഴ്ച്ച ജോവിച്ച് തന്റെ പിസിആർ ടെസ്റ്റ് പൂർത്തിയാക്കിയിരുന്നു. ഇതോടെ സിദാന് ലഭ്യമായ ഫസ്റ്റ് ടീമിൽ ഉള്ള താരങ്ങളുടെ എണ്ണം പതിമൂന്ന് ആയി. അതേസമയം അതേസമയം മാർട്ടിൻ ഒഡീഗാർഡ്, ലൂക്ക മോഡ്രിച് എന്നിവർ നിലവിൽ റയൽ മാഡ്രിഡിനൊപ്പം ഉണ്ട്. എന്നാൽ അടുത്ത രണ്ടാഴ്ച്ചക്കുള്ളിൽ ഇരുവരും തങ്ങളുടെ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ പ്രവേശിക്കും.

Leave a Reply

Your email address will not be published. Required fields are marked *