പറയാനുള്ളത് ഞാൻ നേരിട്ട് പറയും, മറ്റുള്ളവർ പറയുന്നത് വിശ്വസിക്കണ്ട: സുവാരസ്

സൂപ്പർ താരം ലൂയിസ് സുവാരസ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിടുന്നതിന്റെ തൊട്ടരികിലാണ്. യൂറോപ്പിലെ വിവിധ ക്ലബുകളുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് ഒടുവിലെ വിവരം. ഏതായാലും ഇനി തന്റെ ടീമിൽ സ്ഥാനമില്ലെന്ന് കൂമാൻ സുവാരസിനോട് നേരിട്ടു പറഞ്ഞതാണ് താരത്തിന് പുറത്തേക്കുള്ള വഴി തെളിച്ചത്. ഇതുകൂടാതെ ക്ലബിന്റെ സുവാരസിനോടുള്ള ഈ സമീപനം മെസ്സിയെ ചൊടിപ്പിക്കുകയും ചെയ്തതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ സുവാരസിന്റെ മുൻ ഏജന്റ് ബന്ധുവുമായ അലെജാന്ദ്രോ ബാൽബി മറ്റൊരു പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. സുവാരസിന്റെ തീരുമാനങ്ങൾ മെസ്സിയെ സ്വാധീനിക്കും എന്നായിരുന്നു ഇദ്ദേഹം കഴിഞ്ഞ ദിവസം അർജന്റൈൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് സുവാരസ്.തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുവാരസ് ഇതിനെതിരെ പ്രതികരിച്ചത്.

പറയാനുള്ളത് താൻ നേരിട്ട് പറയുമെന്നും മറ്റുള്ളവർ പറയുന്നത് വിശ്വസിക്കണ്ട എന്ന രൂപത്തിലാണ് സുവാരസ് സംസാരിച്ചത്. “നാലു വർഷത്തോളമായി എനിക്ക് ഒരു ബന്ധവും ഇല്ലാത്തവൻമാരാണ് ഇപ്പോൾ എന്നെ കുറിച്ചും എന്റെ താല്പര്യങ്ങളെ കുറിച്ചും സംസാരിക്കുന്നത്. എന്നെ കുറിച്ച് പറയാനുള്ള ഞാൻ നിങ്ങളോട് നേരിട്ട് തന്നെ പറയും ” ഇതായിരുന്നു സുവാരസ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. തന്റെ മുൻ ഏജന്റിനെയാണ് ലക്ഷ്യം വെച്ചതെന്ന് സുവ്യക്തമാണ്. സുവാരസിന്റെ ഭാവി ഇനിയെവിടെയാവുമെന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എംഎൽഎസ്സ് ക്ലബായ ഇന്റർമിയാമി, മുൻ ക്ലബായ അയാക്സ്, ഫ്രഞ്ച് ചാമ്പ്യൻമാർ പിഎസ്ജി, ഒടുവിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസ് എന്നിവരൊക്കെ താരത്തിന് പിറകെയുണ്ട് എന്നാണ് വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *