ചരിത്രം കുറിച്ച് ബയേൺ, ഒപ്പം റെക്കോർഡുകളുടെ പെരുമഴയും

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് ചാമ്പ്യന്മാരായി. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് PSGയെ പരാജയപ്പെടുത്തിയാണ് അവർ കിരീടം ചൂടിയത്. ബയേണിൻ്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് അവർ കിരീടം ചൂടിയത്. ഇതൊരു റെക്കോർഡാണ്. ഫൈനലടക്കം 2019/20 സീസണിൽ കളിച്ച 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും അവർ വിജയിച്ചു. ഇതടക്കം നിരവധി റെക്കോർഡുകളും കണക്കുകളുമാണ് ഈ മത്സരത്തിൽ കുറിക്കപ്പെട്ടത്.

ഇന്നലെ നടന്ന മത്സരത്തിൽ പിറന്ന മറ്റു പ്രധാന റെക്കോർഡുകളും കണക്കുകളും

  • ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിൻ്റെ വിജയ ഗോൾ നേടിയത് കിംഗ്സ്ലി കോമാനാണ്. ഇത് ചാമ്പ്യൻസ് ലീഗിലെ അവരുടെ അഞ്ഞൂറാം ഗോളായിരുന്നു. റയൽ മാഡ്രിഡ് (567 ഗോളുകൾ), FC ബാഴ്സലോണ (517 ഗോളുകൾ) മാത്രമാണ് ഇക്കാര്യത്തിൽ ബയേണിനേക്കാൾ മുന്നിലുള്ളത്.
  • ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ 11 മത്സരങ്ങളിൽ നിന്നായി 43 ഗോളുകളാണ് ബയേൺ മ്യൂണിക്ക് നേടിയത്. ഒരു സീസണിൽ ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ഗോളടിച്ച രണ്ടാമത്തെ ടീമാണിപ്പോൾ ബയേൺ. 1999/2000 സീസണിൽ 16 മത്സരങ്ങളിൽ നിന്നും 45 ഗോളുകൾ നേടിയ FC ബാഴ്സലോണ മാത്രമാണ് അവർക്ക് മുന്നിലുള്ളത്.
  • ബയേൺ മ്യൂണിക്ക് ആറാം തവണയാണ് ചാമ്പ്യൻസ് ലീഗിൽ കിരീടം ചൂടുന്നത്. ഇക്കാര്യത്തിൽ അവർ ലിവർപൂളിന് ഒപ്പമെത്തി. 13 തവണ ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡും 7 തവണ കിരീടം ചൂടിയ AC മിലാനുമാണ് അവർക്ക് മുന്നിലുള്ളത്.
  • ഈ സീസണിൽ എല്ലാ കോംപറ്റീഷനുകളിലുമായി 55 ഗോളുകളാണ് റോബർട്ട് ലെവെൻ്റോസ്കി നേടിയത്. യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ കളിക്കുന്ന മറ്റൊരു താരവും 2019/20 സീസണിൽ ഇത്രയധികം ഗോളുകൾ നേടിയിട്ടില്ല.
  • 2019 / 20 സീസണിലെ അവസാന 30 മത്സരങ്ങൾ പരാജയമറിയാതെയാണ് ബയേൺ മ്യൂണിക്ക് പൂർത്തിയാക്കിയത് (29 വിജയം, 1 സമനില). ഇതിൽ അവസാന 21 മത്സരങ്ങളും വിജയിച്ചു കയറി.
  • ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യമായി കളിക്കാനിറങ്ങിയ അവസാനത്തെ 7 ടീമുകളും പരാജയപ്പെട്ടു. ഏറ്റവും ഒടുവിൽ ഇത്തരത്തിൽ കിരീടത്തിൽ എത്തിയത് ബൊറൂസിയ ഡോർട്ട്മുണ്ടാണ്. 1997ൽ അവർ യുവെൻ്റസിനെ പരാജയപ്പെടുത്തി കിരീടം ചൂടി.
  • ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് കിംഗ്സ്ലി കൂമാൻ. കരീം ബെൻസീമ(2018), സിനദിൻ സിദാൻ (2002) മാർസെൽ ദെസേയി (1994), ബേസിൽ ബോളി (1993) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഫ്രഞ്ച് താരങ്ങൾ.
  • ലോക്ക് ഡൗണിന് ശേഷം നടന്ന മത്സരങ്ങളിൽ ആദ്യമായാണ് ബയേൺ മ്യൂണിക്ക് ആദ്യ പകുതിയിൽ സ്കോർ ചെയ്യാതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *