ക്ലബ് വിടലിന്റെ വക്കിൽ സുവാരസ്, പിറകെയുള്ളത് രണ്ട് പ്രധാനപ്പെട്ട ക്ലബുകൾ !

ബാഴ്സയുടെ പുതിയ പരിശീലകനായി റൊണാൾഡ്‌ കൂമാന്റെ വരവ് ബാഴ്സയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നുറപ്പാണ്. ക്ലബിലെ സീനിയർ താരങ്ങൾക്ക് ഒന്നും തന്നെ ടീമിൽ ഇടംനൽകാൻ കോമാന് പദ്ധതികൾ ഇല്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു. ഇതിനെ തുടർന്ന് സുവാരസും ക്ലബ് വിടുമെന്നാണ് വാർത്തകൾ. ഒരു വർഷം കൂടി സുവാരസിന് കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരത്തെ ഈ ട്രാൻസ്ഫറിൽ തന്നെ വിൽക്കാൻ ആണ് ബാഴ്സക്ക് താല്പര്യം. മുപ്പത്തിമൂന്നുകാരനായ താരം ക്ലബ് വിടുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ താരത്തിന് വേണ്ടി ഒട്ടേറെ ക്ലബുകൾ രംഗത്ത് എത്തികഴിഞ്ഞു. ഇതിൽ പ്രധാനപ്പെട്ട രണ്ട് ക്ലബുകൾ ആണ് അയാക്‌സും യുവന്റസും. മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ഗിയാകോമോ ലാക്കോബെല്ലിസ് എന്ന മാധ്യമപ്രവർത്തകനാണ് സുവാരസിന് വേണ്ടി യുവന്റസ് രംഗത്ത് വന്ന കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇദ്ദേഹം പുറത്ത് വിട്ടിട്ടില്ല. ഇത് കൂടാതെ താരത്തിന്റെ മുൻ ക്ലബ് അയാക്സ് സജീവമായി രംഗത്ത് ഉണ്ട്. ലിവർപൂളിൽ എത്തുന്നതിന് മുൻപ് സുവാരസ് അയാക്സിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. മറ്റൊരു ഓഫർ എന്നുള്ളത് എംഎൽഎസ്സിലെ ഇന്റർ മിയാമിയാണ്. മുൻ ഇംഗ്ലീഷ് സൂപ്പർ താരം ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് ഇന്റർമിയാമി. ഈ ട്രാൻസ്ഫറിൽ യുവന്റസിൽ നിന്ന് ബ്ലൈസ് മറ്റിയൂഡിയെ ഇന്റർമിയാമി സൈൻ ചെയ്തിരുന്നു. ഏതായാലും സുവാരസ് ബാഴ്‌സ വിടാൻ തീരുമാനിച്ചാൽ ഏറ്റെടുക്കാൻ ക്ലബുകൾക്ക് പഞ്ഞമില്ല. ഈ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 21 ഗോളും 12 അസിസ്റ്റും ഈ ഉറുഗ്വൻ താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *