ടെർസ്റ്റീഗന് ശസ്ത്രക്രിയ ആവിശ്യം, സീസണിന്റെ തുടക്കം നഷ്ടമാവും !

തിരിച്ചടിന്മേൽ തിരിച്ചടികളാണ് എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്. ലാലിഗ നഷ്ടമായതിന് പിന്നാലെ ബയേണിനോടുള്ള കൂറ്റൻ തോൽവിയും പരിശീലകനെ പുറത്താക്കിയതുമൊക്കെയായി ഗുരുതരപ്രതിസന്ധിയിലാണ് ബാഴ്സയിപ്പോൾ തുടരുന്നത്. എന്നാലിപ്പോൾ അടുത്ത സീസണിന് തയ്യാറെടുക്കുന്ന ബാഴ്സക്ക് മറ്റൊരു തിരിച്ചടി കൂടി ഏറ്റിരിക്കുകയാണ്. വിശ്വസ്തനായ ഗോൾകീപ്പർ മാർക്ക്‌ ആന്ദ്രേ ടെർ സ്റ്റീഗന് അത്യാവശ്യമായി ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. താരത്തിന്റെ വലതുകാൽമുട്ടിനാണ് ഓപ്പറേഷൻ വേണ്ടി വരിക. എഫ്സി ബാഴ്സലോണയും താരവും ഇത് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ താരം എത്രനാൾ വിശ്രമിക്കേണ്ടി വരുമെന്ന് ബാഴ്സ വ്യക്തമാക്കിയിട്ടില്ല. പക്ഷെ ഏകദേശം ഒക്ടോബർ വരെ എന്തായാലും വിശ്രമിക്കേണ്ടി വരുമെന്നാണ് കണക്കുക്കൂട്ടലുകൾ. ഏതായാലും അടുത്ത സീസണിലെ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാവും എന്നുറപ്പാണ്. സെപ്റ്റംബർ പന്ത്രണ്ടാം തിയ്യതിയാണ് അടുത്ത ലാലിഗ സീസണിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് അതിന് മുൻപ് താരം തിരിച്ചെത്താനുള്ള സാധ്യതകൾ കുറവാണ്. ഏതായാലും ബാഴ്‌സയെ സംബന്ധിച്ചെടുത്തോളം ഇത് തിരിച്ചടി തന്നെയാണ്. കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ടെർസ്റ്റീഗൻ നിലകൊള്ളുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എട്ട് ഗോളുകളാണ് താരത്തിന് വഴങ്ങേണ്ടി വന്നത്. ഒരു ഗോൾകീപ്പറും ആഗ്രഹിക്കാത്ത രീതിയിലുള്ള പ്രതിസന്ധിയിലൂടെയാണ് താരം കടന്നുപോവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *