മോഡ്രിച്ചിനെ കൈവിടാനൊരുങ്ങി റയൽ മാഡ്രിഡ്
റയൽ മാഡ്രിഡ് സൂപ്പർ താരം ലുക്കാ മോഡ്രിച്ചിനെ റയൽ മാഡ്രിഡ് കൈവിടാനൊരുങ്ങുന്നു.താരത്തെ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ റയൽ അനുവദിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താരത്തിന് റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കി നിൽക്കെയാണ് റയലിന്റെ പുതിയ നീക്കം. ക്ലബ് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യം താരത്തിന് റയൽ മാഡ്രിഡ് നൽകി എന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🚨 El Real Madrid no le pondrá problemas a Modric si decide marcharse a final de temporada
— Mundo Deportivo (@mundodeportivo) March 6, 2020
✍️ Vía @manelbruhttps://t.co/9F1y2oVxqw
മുപ്പത്തിനാലുകാരനായ താരം മേജർ ലീഗ് സോക്കറിലേക്കാണ് കൂടുമാറാൻ ആലോചിക്കുന്നത്. എംഎൽഎസ്സിലെ ഇന്റർമിയാമി താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ക്ലബ് ആണ് ഇന്റർമിയാമി. വരുന്ന സീസണിലേക്ക് ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ മോഡ്രിച്ചിനെ പോലെ ഒരു താരം ടീമിന് ആവിശ്യമാണ് എന്നാണ് ബെക്കാമിന്റെ കണ്ടെത്തൽ. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗികവിവരങ്ങൾ ഒന്നും തന്നെ ഇരുക്ലബുകളും പുറത്തുവിട്ടിട്ടില്ല.
2012-ലായിരുന്നു മോഡ്രിച് ടോട്ടൻഹാമിൽ നിന്ന് റയലിലെത്തിയത്. മോശം സൈനിങ് എന്ന് വിലയിരുത്തപ്പെട്ടിരുന്ന ഈ ട്രാൻസ്ഫർ പിന്നീട് റയലിന് ഏറെ ഗുണകരമാവുന്നതാണ് കണ്ടത്. ഒടുവിൽ മെസ്സിയെയും റൊണാൾഡോയെയും പിന്നിലാക്കി മോഡ്രിച് ബാലൺഡിയോർ നേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് താരത്തിന് ആ ഫോം തുടരാനായില്ല. ഈ സീസണിൽ പതിമൂന്നു മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യഇലവനിൽ സ്ഥാനം കണ്ടെത്താനായത്. റയൽ സോസിഡാഡിൽ ലോണിൽ കളിക്കുന്ന മാർട്ടിൻ ഒഡീഗാർഡാണ് താരത്തിന് പകരമായി റയൽ കളിക്കളത്തിലേക്കിറക്കുക.