അറ്റലാന്റയുടെ വലിയ വെല്ലുവിളി നേരിടാൻ പിഎസ്ജി തയ്യാറായെന്ന് പരിശീലകൻ !

അറ്റലാന്റയുടെ വലിയ വെല്ലുവിളി നേരിടാൻ തങ്ങൾ സജ്ജമായെന്ന് പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ. ഇന്നലെ നടന്ന പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. അറ്റലാന്റക്കെതിരെയുള്ള മത്സരം ബുദ്ധിമുട്ടേറിയതും വലിയ തോതിലുള്ള വെല്ലുവിളിയുമാണ് എന്നറിയാമെന്നും എന്നാൽ തന്റെ താരങ്ങൾ അതിനെ നേരിടാൻ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അറ്റലാന്റ ഭയക്കേണ്ട ടീമാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം കിലിയൻ എംബാപ്പെ മത്സരത്തിൽ കളിക്കാനുള്ള സാധ്യതകളും പ്രസ്താവിച്ചു.ഇന്ന് രാത്രിയാണ് അറ്റലാന്റ-പിഎസ്ജി ക്വാർട്ടർ ഫൈനൽ പോരാട്ടം നടക്കുന്നത്. ഇന്ത്യൻ സമയം 12:30 നാണ് മത്സരം. 2011-ൽ ഖത്തർ ഉടമസ്ഥർ ഏറ്റെടുത്തതിനു ശേഷം ക്ലബ് ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ കണ്ടിട്ടില്ല എന്ന ദുഷ്‌പേര് മായ്ച്ചു കളയാനാണ് നെയ്മറും കൂട്ടരും ഇന്നിറങ്ങുക.

” അറ്റലാന്റക്കെതിരെയുള്ള മത്സരം ബുദ്ധിമുട്ടേറിയതാണ് എന്നറിയാം. പക്ഷെ ആ വലിയ വെല്ലുവിളിയെ നേരിടാൻ പിഎസ്ജി തയ്യാറായി കഴിഞ്ഞു. അറ്റലാന്റക്കൊരു അതുല്യമായ ശൈലിയുണ്ട്. അവർ എതിരാളിയുടെ ഹാഫിൽ ഏഴ് താരങ്ങളുമായി വന്നാണ് ആക്രമിക്കുക. ഈ സീസണിൽ ഒരുപാട് ഗോളുകൾ അടിച്ചു കൂട്ടിയ ഒരു മഹത്തായ ടീം ആണ് അവർ. ചെറിയ ചെറിയ സ്‌പേസുകൾ പോലും കണ്ടെത്താൻ മിടുക്കരാണവർ. പക്ഷെ ഞങ്ങൾ നന്നായി കളിക്കും. ഇതൊക്കെ ടാക്ടിക്കൽ-മെന്റൽ ഗെയിം ആയിരിക്കും. ഞങ്ങളുടെ അവസാന ട്രെയിനിങ് സെഷൻ എനിക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. വളരെ ശ്രദ്ധയുടെയും ടീം സ്പിരിറ്റോടെയും കളിക്കാൻ താരങ്ങൾക്ക് സാധിക്കുന്നുണ്ട്. ഞങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നറിയാം. പക്ഷെ അവസാനനിമിഷം വരെ ഞങ്ങൾ പോരാടിയിരിക്കും. എംബപ്പേ ഇന്ന് നല്ല രീതിയിൽ പരിശീലനം നടത്തി. അസാധാരണമായ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ നാളെ അദ്ദേഹം ടീമിനൊപ്പം ഉണ്ടാവും ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *