ലിവർപൂളിൽ തുടരുന്നതിനേക്കാൾ സാധ്യത പുറത്തു പോകാൻ: തുറന്ന് പറഞ്ഞ് സലാ
സൂപ്പർതാരം മുഹമ്മദ് സലാ ഗംഭീര പ്രകടനമാണ് ഈ സീസണിലും ലിവർപൂളിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ ലിവർപൂൾ നടത്തുന്ന മികച്ച പ്രകടനത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണക്കാരൻ സലാ തന്നെയാണ്.
എന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് വരുന്ന സമ്മറിൽ അവസാനിക്കുകയാണ്.ഈ കോൺട്രാക്ട് പുതുക്കാൻ ഇതുവരെ ലിവർപൂൾ തയ്യാറായിട്ടില്ല. മാത്രമല്ല ലിവർപൂൾ തനിക്ക് ഇതുവരെ ഒരു പുതിയ ഓഫർ പോലും വാഗ്ദാനം ചെയ്തിട്ടില്ല എന്ന കാര്യം സലാ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിലവിൽ ലിവർപൂൾ തുടരുന്നതിനേക്കാൾ സാധ്യത താൻ പുറത്തു പോകാനാണ് എന്നാണ് സലാ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” നമ്മൾ ഇപ്പോൾ ഡിസംബർ മാസത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ക്ലബ്ബ് കോൺട്രാക്ട് പുതുക്കാൻ എനിക്ക് ഇതുവരെ ഒരു ഓഫറും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ലിവർപൂളിൽ തുടരുന്നതിനേക്കാൾ സാധ്യത ഞാൻ പുറത്തു പോകാൻ തന്നെയാണ്.ഒരുപാട് കാലമായി ഈ ക്ലബ്ബിൽ തുടരുന്ന വ്യക്തിയാണ് ഞാൻ.ലിവർപൂളിനെ പോലെ മറ്റൊരു ക്ലബ്ബ് ഇല്ല. പക്ഷേ ഇതൊന്നും എന്റെ കൈകളിൽ അല്ല.ഇതുവരെ എനിക്ക് ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല.ആരാധകർ എന്നെ ഇഷ്ടപ്പെടുന്നു.ഞാൻ ആരാധകരെയും ഇഷ്ടപ്പെടുന്നു.തീർച്ചയായും ഇതുവരെ ഓഫറുകൾ വരാത്തതിൽ എനിക്ക് നിരാശയുണ്ട് “ഇതാണ് സലാ പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ലിവർപൂൾ ഒരുക്കമാണോ എന്നുള്ളത് വ്യക്തമല്ല.എന്നാൽ സലാ ഇത് പരസ്യമായി പറഞ്ഞത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ സെൽഫിഷ് എന്നാണ് ഇക്കാര്യത്തിൽ സലായെ വിളിച്ചത്.ഇങ്ങനെ പരസ്യമായി പറയാൻ പാടില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.