അൽ നസ്റിന് ശുഭ വാർത്ത, സൂപ്പർ താരം തിരിച്ചെത്തി!
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ നാളെ നടക്കുന്ന മത്സരത്തിൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ അൽ ഖാദിസിയയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 10:30നാണ് ഈയൊരു മത്സരം നടക്കുക.സൗദി ലീഗിലെ പതിനൊന്നാം റൗണ്ട് മത്സരമാണ് ഇത്.അൽ നസ്റിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ക്രൊയേഷ്യക്കെതിരെയുള്ള പോർച്ചുഗലിന്റെ മത്സരം റൊണാൾഡോ കളിച്ചിരുന്നില്ല.പരിശീലകൻ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിന് തയ്യാറെടുക്കാൻ റൊണാൾഡോക്ക് കൂടുതൽ സമയം ലഭിച്ചിട്ടുണ്ട്.അൽ നസ്റിന്റെ ട്രെയിനിങ് സെഷനുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.നാളത്തെ മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൂടാതെ മറ്റൊരു ശുഭവാർത്ത കൂടി ഈ ക്ലബ്ബിനെ തേടി എത്തിയിട്ടുണ്ട്. ബ്രസീലിയൻ താരമായ ടാലിസ്ക്ക ഇതുവരെ പരിക്കിന്റെ പിടിയിലായിരുന്നു.അദ്ദേഹം പരിക്കിൽ നിന്നും മുക്തനായി ഗ്രൂപ്പ് ട്രെയിനിങ് പൂർത്തിയാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന മത്സരത്തിന് അദ്ദേഹം പൂർണ്ണമായും സജ്ജനാകും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.ഇത് അൽ നസ്റിന് കരുത്ത് പകരുന്ന ഒരു കാര്യമാണ്.
നിലവിൽ പോയിന്റ് പട്ടികയിൽ അൽ നസ്ർ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 10 മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് പോയിന്റാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് അൽ ഹിലാലും രണ്ടാം സ്ഥാനത്ത് അൽ ഇത്തിഹാദും വരുന്നു. അതേസമയം എതിരാളികളായ അൽ ഖാദിസിയയും മോശമല്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്.