പരിശീലകനുമായുള്ള ബന്ധം തകർന്നു,എംബപ്പേ ഫ്രാൻസിനായി കളിക്കാൻ ആഗ്രഹിക്കുന്നില്ല!

ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിലേക്കുള്ള ഫ്രഞ്ച് സ്‌ക്വാഡിനെ അവരുടെ പരിശീലകനായ ദിദിയർ ദെഷാപ്സ് പ്രഖ്യാപിച്ചിരുന്നു. അതിൽ ഇടം നേടാൻ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നില്ല. ഇതേക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.എന്നാൽ താരത്തെ ഒഴിവാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണ് എന്ന് പരിശീലകനായ ദെഷാപ്സ് അറിയിച്ചിരുന്നു. നിലവിലെ അവസ്ഥയിൽ എംബപ്പേ ഇല്ലാത്തതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടർച്ചയായ രണ്ടാം തവണയാണ് എംബപ്പേ ഫ്രാൻസ് ടീമിൽ നിന്നും പുറത്താവുന്നത്. നിലവിൽ റയൽ മാഡ്രിഡിൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. അതിൽനിന്നും കരകയറാൻ വേണ്ടി താരത്തിന് കൂടുതൽ സമയം അനുവദിക്കുകയാണ് ചെയ്തത് എന്ന റൂമറുകളും സജീവമാണ്. എന്നാൽ പ്രമുഖ മാധ്യമപ്രവർത്തകനായ റൊമൈൻ മൊളീന ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. അതായത് എംബപ്പേയും ഫ്രഞ്ച് ടീമും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല ഇപ്പോൾ ഉള്ളത്.

പരിശീലകനായ ദെഷാപ്സുമായി എംബപ്പേക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം പാടെ തകർന്നിട്ടുണ്ട്. അതുകൊണ്ടാണ് പരിശീലകൻ അദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളത്. മാത്രമല്ല നിലവിൽ ഫ്രാൻസിന് വേണ്ടി കളിക്കാൻ ഈ താരം ആഗ്രഹിക്കുന്നില്ല.പിഎസ്ജി വിട്ടതുമായി ബന്ധപ്പെട്ടുകൊണ്ട് പല ഫ്രഞ്ച് മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കാത്തത് കൊണ്ട് വലിയ വിമർശനങ്ങളായിരുന്നു ഫ്രഞ്ച് മാധ്യമങ്ങളിൽ നിന്നും താരത്തിന് ലഭിച്ചിരുന്നത്. ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്മാരും താരത്തെ വിടാതെ വേട്ടയാടുന്നുണ്ട്.

ഇതും എംബപ്പേയെ നന്നായി മടുപ്പിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഫ്രാൻസ് ടീമിന് വേണ്ടി നിലവിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഈ സ്ഥിതിഗതികളൊക്കെ മാറിയാൽ മാത്രമാണ് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും തന്റെ ഫോം വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാണ് എംബപ്പേ ഈ ഇന്റർനാഷണൽ ബ്രേക്കിൽ നടത്തുക.15 മത്സരങ്ങൾ കളിച്ചിട്ട് കേവലം 5 ഓപ്പൺ പ്ലേ ഗോളുകൾ മാത്രമാണ് എംബപ്പേക്ക് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *