കോൺട്രാക്ട് പുതുക്കാൻ താല്പര്യമില്ലെന്ന് വിനി, തക്കം പാർത്ത് മറ്റു ക്ലബ്ബുകൾ!
വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഇപ്പോൾ കടന്നു പോകുന്നത്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ലഭിക്കുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത് വിനീഷ്യസ് ജൂനിയറായിരുന്നു. എന്നാൽ അവസാന നിമിഷമാണ് താൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്ന കാര്യം വിനീഷ്യസ് അറിയുന്നത്.ഇത് അദ്ദേഹത്തിന് വലിയ നിരാശ സമ്മാനിച്ചിരുന്നു.
എന്നാൽ റയൽ മാഡ്രിഡ് വലിയ പിന്തുണയാണ് താരത്തിന് നൽകുന്നത്. നിലവിൽ 2027 വരെ ക്ലബ്ബുമായി അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.ഒരു ബില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. ഈ കോൺട്രാക്ട് പുതുക്കാൻ റയൽ മാഡ്രിഡിന് താല്പര്യമുണ്ട് എന്നത് മാത്രമല്ല അവർ കഴിഞ്ഞ ദിവസം താരത്തെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല എന്ന് വിനീഷ്യസ് ജൂനിയർ അറിയിച്ചിട്ടുണ്ട്.
നിലവിൽ കോൺട്രാക്ട് പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. ഭാവിയിൽ അത് പരിഗണിക്കാം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡ് വിട്ടേക്കും എന്നുള്ള റൂമറുകൾ വളരെ വ്യാപകമാണ്.കഴിഞ്ഞ സമ്മറിൽ സൗദിയിൽ നിന്നും ലഭിച്ച ആ വമ്പൻ ഓഫർ ഇപ്പോഴും ലഭ്യമാണ്. കൂടാതെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് വമ്പൻമാരായ പിഎസ്ജി,യുണൈറ്റഡ്,ചെൽസി എന്നിവരൊക്കെ ഇപ്പോഴും രംഗത്തുണ്ട്. നിലവിൽ വിനീഷ്യസ് ജൂനിയർ ഒരു മാറ്റം ആഗ്രഹിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നെ പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏതായാലും കോൺട്രാക്ട് പുതുക്കാൻ വേണ്ടി റയൽ മാഡ്രിഡ് കുറച്ച് കഴിഞ്ഞിട്ട് ഒന്നുകൂടി ശ്രമിച്ചേക്കും.തന്റെ ഭാവിയെക്കുറിച്ച് വരുന്ന സമ്മറിൽ ആയിരിക്കും അദ്ദേഹം തീരുമാനമെടുക്കുക.താരത്തെ നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. ഒരുപാട് കാലം ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു എന്നത് നേരത്തെ വിനീഷ്യസ് വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യമാണ്.