ബാലൺഡി’ഓറിൽ ഇല്ലാത്ത മുസിയാല നടത്തിയത് ഗംഭീര പ്രകടനം,ഹാട്രിക്കും 50 ഗോളുകളും പൂർത്തിയാക്കി!
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്.വിനീഷ്യസ് ജൂനിയർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അതേസമയം ആദ്യ മുപ്പതിൽ പോലും ഇടം പിടിക്കാത്ത രണ്ട് താരങ്ങളാണ് ജമാൽ മുസിയാലയും റോഡ്രിഗോയും. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഈ രണ്ടു താരങ്ങളും ആദ്യ മുപ്പതിൽ പോലും ഇല്ലാത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാൽ മുസിയാല തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്. ഇന്നലെ DFB പോക്കലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബയേൺ മെയിൻസിനെ പരാജയപ്പെടുത്തിയത്. തിളങ്ങിയത് ജമാൽ മുസിയാല തന്നെയാണ്.ഹാട്രിക്ക് നേട്ടം കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അദ്ദേഹം ഹാട്രിക്ക് നേടുകയായിരുന്നു.
ഇതോടെ രണ്ടാം പകുതിയിൽ അദ്ദേഹം കളിച്ചിരുന്നില്ല. പരിശീലകൻ താരത്തെ പിൻവലിച്ചു. മാത്രമല്ല ഈ ഹാട്രിക്ക് നേട്ടത്തോടുകൂടി മറ്റൊരു കണക്കിലും അദ്ദേഹം എത്തിയിട്ടുണ്ട്.തന്റെ ക്ലബ്ബിനുവേണ്ടി ആകെ 50 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ മുസിയാലക്ക് സാധിച്ചിട്ടുണ്ട്.174 മത്സരങ്ങളിൽ നിന്നാണ് താരം 50 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.
കേവലം 21 വയസ്സ് മാത്രമുള്ള താരം ഈ സീസണിൽ മികച്ച പ്രകടനം തുടരുകയാണ്. 8 ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം ഈ സീസണിൽ സ്വന്തമാക്കി കഴിഞ്ഞു. അടുത്ത വർഷത്തേക്കുള്ള ബാലൺഡി’ഓർ പവർ റാങ്കിങ്ങിൽ നിലവിൽ പതിനഞ്ചാം സ്ഥാനത്താണ് അദ്ദേഹമുള്ളത്.ഇത്തവണ ആദ്യ 30 പോലും ഇടം നേടാൻ സാധിക്കാത്ത മുസിയാല ഒരു മികച്ച തിരിച്ചുവരവ് നടത്താനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോൾ ഉള്ളത്.