ചരിത്രത്തിലെ ഏറ്റവും വലിയ മടങ്ങിവരവായിരിക്കും, റൊണാൾഡോയുമായി താരതമ്യപ്പെടുത്താം: നെയ്മറെ കുറിച്ച് ലുഗാനോ!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഒരു വലിയ ഇടവേളക്ക് ശേഷം ഇപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി അദ്ദേഹം കളിക്കളത്തിന് പുറത്തായിരുന്നു.ഗുരുതരമായ പരിക്കായിരുന്നു അദ്ദേഹത്തെ പിടികൂടിയിരുന്നത്. അതിൽനിന്നും റിക്കവർ ആയ നെയ്മർ കഴിഞ്ഞ അൽ ഹിലാലിന്റെ മത്സരത്തിൽ തിരികെ എത്തിയിരുന്നു.നെയ്മറുടെ മടങ്ങിവരവിൽ ഫുട്ബോൾ ലോകം വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
മുൻപ് ഉറുഗ്വക്ക് വേണ്ടി കളിച്ചിട്ടുള്ള പ്രതിരോധനിരതാരമാണ് ഡിയഗോ ലുഗാനോ. അദ്ദേഹം നെയ്മറെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പഴയ നെയ്മറുടെ എഴുപതോ എൺപതോ ശതമാനത്തിലേക്ക് തിരികെയെത്താൻ ഇപ്പോഴത്തെ നെയ്മർക്ക് കഴിഞ്ഞാൽ അത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്നായിരിക്കും എന്നാണ് ലുഗാനോ പറഞ്ഞിട്ടുള്ളത്.ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോയുടെ തിരിച്ചുവരവിനോട് അത് താരതമ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ലുഗാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” നെയ്മറുടെ മടങ്ങിവരവ് ലോക ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം നല്ലൊരു വാർത്തയാണ്. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മാന്ത്രികനായ താരം നെയ്മർ ജൂനിയറാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി. പഴയ നെയ്മറുടെ എഴുപതോ എൺപതോ ശതമാനം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ അത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്നായിരിക്കും. ഒരുപക്ഷേ റൊണാൾഡോ നസാരിയോയുടെ തിരിച്ചുവരവിനോട് പോലും താരതമ്യം ചെയ്യപ്പെടാം.ഒരു വർഷത്തിനുശേഷം പഴയ താളം കണ്ടെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ആ പഴയ മികവിലേക്ക് ഉയരാൻ നെയ്മർക്ക് കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പൊന്നുമില്ല. പക്ഷേ അടുത്ത വേൾഡ് കപ്പ് കിരീടം നേടാനുള്ള ഒരു ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ട് ” ഇതാണ് ഉറുഗ്വൻ പ്രതിരോധനിര താരം പറഞ്ഞിട്ടുള്ളത്.
പതിയെ പതിയെ നെയ്മർ തന്റെ താളം വീണ്ടെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഒരുപാട് മേജർ ഇഞ്ചുറികൾ പിടിപെട്ട താരമാണ് നെയ്മർ ജൂനിയർ. അതിൽനിന്നൊക്കെ മടങ്ങി വരുന്ന സമയത്തും മികച്ച പ്രകടനം നെയ്മർക്ക് പുറത്തെടുക്കാൻ സാധിക്കാറുണ്ട്. പക്ഷേ വീണ്ടും വീണ്ടും പരിക്കേൽക്കുന്നു എന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്ന കാര്യം.