കഴിഞ്ഞ വർഷം മികച്ച നമ്പർ നയൻ ഉണ്ടായിരുന്നു:എംബപ്പേയുടെ വിടവ് പറഞ്ഞ് മാർക്കിഞ്ഞോസ്

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഡച്ച് ക്ലബ്ബായ പിഎസ്‌വിയായിരുന്നു അവരെ സമനിലയിൽ തളച്ചിരുന്നത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ഡച്ച് ക്ലബ്ബിന് വേണ്ടി ലാംഗ് ലീഡ് നേടിയപ്പോൾ ഹക്കീമി നേടിയ ഗോളാണ് പിഎസ്ജിക്ക് സമനില നേടിക്കൊടുത്തത്. മത്സരത്തിൽ പിഎസ്ജി തന്നെയാണ് ആധിപത്യം പുലർത്തിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.

ഇതേക്കുറിച്ച് അവരുടെ ക്യാപ്റ്റനായ മാർക്കിഞ്ഞോസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു മികച്ച ഒമ്പതാം നമ്പറുകാരൻ ഇവിടെ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേയുടെ അഭാവത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. എംബപ്പേയുടെ അഭാവം ക്ലബ്ബിന് തിരിച്ചടിയാണ് എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇന്ന് ഞങ്ങൾക്ക് കാര്യക്ഷമതയുടെ കുറവുണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് അവസരങ്ങൾ ഇന്ന് ഉണ്ടാക്കിയെടുത്തു. ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ ഞങ്ങൾക്ക് അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ന് ഞങ്ങൾ മികച്ച പ്രകടനം നടത്തി. പക്ഷേ ഗോളുകൾ നേടാൻ ഞങ്ങൾക്ക് സാധിക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ വർഷം ഞങ്ങൾക്ക് ഒരു മികച്ച ഒമ്പതാം നമ്പറുകാരൻ ഉണ്ടായിരുന്നു.അത്തരത്തിലുള്ള ഒരു താരം ക്ലബ്ബ് വിടുമ്പോൾ ആരാധകർ പലകാര്യങ്ങളിലും കൂടുതലായിട്ട് ശ്രദ്ധിക്കും. ഗോളടിക്കാൻ കെൽപ്പുള്ള ഒരുപാട് മികച്ച താരങ്ങൾ ഞങ്ങൾക്കുണ്ട്.പക്ഷേ പെനാൽറ്റി ബോക്സിനകത്ത് ഞങ്ങൾക്ക് ഇന്ന് ഒരല്പം ശാന്തതയുടെ കുറവുണ്ടായിരുന്നു ” ഇതാണ് ക്ലബ്ബിന്റെ ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.

അത്ര ആശാവഹമായ ഒരു തുടക്കമല്ല ഇപ്പോൾ പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗിൽ ലഭിച്ചിട്ടുള്ളത്. 3 മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. നാല് പോയിന്റ് മാത്രമുള്ള പിഎസ്ജി പോയിന്റ് പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ഇനിയും ഒരുപിടി വമ്പൻ ക്ലബ്ബുകൾക്കെതിരെയാണ് അവർക്ക് കളിക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *