പ്രാധാന്യം ബാലൺ ഡി’ഓറിന്, ഫ്രാൻസിന് വേണ്ടി പ്രധാനപ്പെട്ട മത്സരങ്ങൾ മാത്രം കളിക്കാൻ തീരുമാനിച്ച് എംബപ്പേ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിട്ട് റയൽ മാഡ്രിഡിൽ എത്തിയത്. കൂടുതൽ കിരീടങ്ങളും നേട്ടങ്ങളും സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അദ്ദേഹം റയൽ മാഡ്രിഡിൽ എത്തിയത്.മോശമല്ലാത്ത ഒരു തുടക്കം അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാൽ ഈയിടെ അദ്ദേഹത്തെ പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുകയും ചെയ്തിരുന്നു. മാത്രമല്ല ഫ്രഞ്ച് ടീമിൽ നിന്ന് അദ്ദേഹം പിൻവാങ്ങുകയും ചെയ്തിരുന്നു.

ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് എംബപ്പേക്ക് ലഭിച്ചത്. ക്ലബ്ബിനോട് കാണിക്കുന്ന ആത്മാർത്ഥത ദേശീയ ടീമിനോട് ക്യാപ്റ്റനായ എംബപ്പേ കാണിക്കുന്നില്ല എന്നാണ് പല ആരാധകരും ആരോപിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർക്കാറ്റോ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് എംബപ്പേ ഇനിമുതൽ ഫ്രഞ്ച് ടീമിനുവേണ്ടി പ്രധാനപ്പെട്ട മത്സരങ്ങൾ മാത്രമാണ് കളിക്കുക.

പ്രാധാന്യമില്ലാത്ത മത്സരങ്ങൾ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അടുത്ത വർഷത്തെ ബാലൺഡി’ഓർ നേടുക എന്നുള്ളതാണ് എംബപ്പേയുടെ ഏറ്റവും വലിയ ലക്ഷ്യം. അപ്രസക്തമായ മത്സരങ്ങൾ കളിക്കാതെ എപ്പോഴും ഫിറ്റായിരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എംബപ്പേ ഈയൊരു തീരുമാനമെടുത്തത് എന്നാണ് ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്ലബ്ബ് തലത്തിൽ മികച്ച പ്രകടനം നടത്തി ബാലൺഡി’ഓർ സ്വന്തമാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിമർശനങ്ങൾ അധികരിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ടീമിൽ നിന്നും പിൻവാങ്ങിയ ശേഷം എംബപ്പേക്ക് റയൽ മാഡ്രിഡ് ഒരാഴ്ചത്തെ അവധി നൽകുകയും ചെയ്തിരുന്നു. തുടർന്ന് എംബപ്പേ ഒരു നൈറ്റ് ക്ലബ്ബിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇക്കാരണത്താലും വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നു. ഒരു ക്യാപ്റ്റൻ ഇങ്ങനെയല്ല മാതൃകയാവേണ്ടത് എന്നാണ് പലരും വിമർശിച്ചിട്ടുള്ളത്.ഏതായാലും ഇനി റയൽ മാഡ്രിഡിന്റെ അടുത്ത മത്സരത്തിലാണ് താരത്തെ കാണാൻ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *