മികച്ചവൻ അല്ലെന്ന് പറഞ്ഞതോടെ ക്രിസ്റ്റ്യാനോ കണക്കുകൾ എനിക്ക് അയച്ചു തന്നു :കസ്സാനോ
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഗണിക്കുന്നത്.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടിയ താരം റൊണാൾഡോ ആണ്.ഏറ്റവും കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ചത് താരവും ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്.ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.ഇങ്ങനെ ഒരുപാട് നേട്ടങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.
മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ച ഇറ്റാലിയൻ താരമാണ് അന്തോണിയോ കസ്സാനോ. എന്നാൽ ക്രിസ്റ്റ്യാനോയെ ഇദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ചരിത്രത്തിലെ മികച്ച 10 താരങ്ങളിൽ പോലും റൊണാൾഡോക്ക് ഇടമില്ലെന്ന് പറഞ്ഞതിന് പിന്നാലെ റൊണാൾഡോ തനിക്ക് അദ്ദേഹത്തിന്റെ കണക്കുകളും നേട്ടങ്ങളും അയച്ചുതന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ കസ്സാനോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ബ്രസീലിയൻ റൊണാൾഡോ ആണ് നമ്പർവൺ എന്ന് ഞാൻ പറഞ്ഞിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ പത്തിൽ പോലും വരില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം അദ്ദേഹത്തിന് വലിയ ക്വാളിറ്റി ഒന്നുമില്ല.ഞാൻ ഇങ്ങനെ അഭിപ്രായപ്പെട്ടതിനുശേഷം സ്പെയിനിൽ നിന്നും എനിക്ക് ഒരു മെസ്സേജ് ലഭിച്ചു.ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളുകളുടെയും കിരീടങ്ങളുടെയും മറ്റും കണക്കുകൾ ആയിരുന്നു അത്.അതിനുശേഷം റൊണാൾഡോ ഒരു വോയിസ് മെസ്സേജ് അയച്ചു.നീ എന്നെ അപമാനിച്ചു,ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത്. നീ ആകെ 150 ഗോളുകളും 4 കിരീടങ്ങളും മാത്രമാണ് നേടിയിട്ടുള്ളത്.ഇതായിരുന്നു റൊണാൾഡോ എന്നോട് പറഞ്ഞിരുന്നത്.
ഞാൻ റൊണാൾഡോക്ക് മറുപടി നൽകി,പ്രിയപ്പെട്ട റൊണാൾഡോ.. ഞാൻ നിങ്ങളെ അപമാനിച്ചു എന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾ എന്ന താരത്തെ എനിക്കിഷ്ടമല്ല. അതിൽ എന്താണ് പ്രശ്നം? അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചതിലൂടെ കൂടുതൽ പ്രശ്നത്തിലേക്ക് ചാടുകയാണ് ചെയ്തിട്ടുള്ളത് ” ഇതാണ് കസ്സാനോ പറഞ്ഞിട്ടുള്ളത്.
റൊണാൾഡോയെ പലപ്പോഴും പരസ്യമായി വിമർശിക്കുന്ന ഒരു വ്യക്തി കൂടിയാണ് കസ്സാനോ.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണമെങ്കിൽ 3000 ഗോളുകൾ വരെ നേടാമെന്നും എന്നാൽ ഫുട്ബോൾ കളിക്കാൻ അറിയില്ല എന്നും ഈയിടെ അദ്ദേഹം വിമർശിച്ചിരുന്നു.പക്ഷേ ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ റൊണാൾഡോയെ ബാധിക്കാറില്ല എന്നത് മറ്റൊരു വസ്തുതയാണ്.ഈ പ്രായത്തിലും മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്.