പ്രവാസികൾക്കൊരു സന്തോഷവാർത്ത,ലെജൻഡ്സ് എൽ ക്ലാസിക്കോ വരുന്നു!

ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള പോരാട്ടമാണ് എൽ ക്ലാസിക്കോ. സ്പാനിഷ് ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിന് ആരാധകർ ഏറെയാണ്. ഇത്തവണത്തെ പ്രീ സീസണിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.ആ മത്സരത്തിൽ വിജയിക്കാൻ ബാഴ്സലോണ കഴിഞ്ഞിരുന്നു. എന്നാൽ ഈ സീസണിലെ ആദ്യത്തെ ഒഫീഷ്യൽ ക്ലാസിക്കോ ഒക്ടോബർ 27ാം തീയതിയാണ് നടക്കുക.

ഇതിനിടെ ലെജന്റ്സ് എൽ ക്ലാസിക്കോയുമായി ബന്ധപ്പെട്ട കുറച്ചു വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഖത്തറിലെ പ്രവാസികൾക്ക് ഇതൊരു സന്തോഷവാർത്തയാണ്. ഇത്തവണത്തെ ഇതിഹാസങ്ങളുടെ എൽ ക്ലാസിക്കോ ഖത്തറിൽ വച്ചുകൊണ്ടാണ് നടക്കുന്നത്. വിസിറ്റ് ഖത്തറാണ് ഇതിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുണ്ട്.

നവംബർ 28 ആം തീയതിയാണ് ഈ രണ്ടു ടീമുകളുടെയും ഇതിഹാസങ്ങൾ തമ്മിൽ ഏറ്റുമുട്ടുക. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഇതിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടില്ല.ഒക്ടോബർ പത്താം തീയതി മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ഇത് മൂന്നാമത്തെ തവണയാണ് ലെജന്ഡ്സ് എൽ ക്ലാസിക്കോ അരങ്ങേറുന്നത്. രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് ടീമുകളും ഓരോ തവണ വീതം വിജയിക്കുകയായിരുന്നു.

2017ൽ നടന്ന ആദ്യ ലെജൻസ് എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് വിജയിച്ചിട്ടുള്ളത്. ലുഡോവിച്ച് അന്ന് ഇരട്ട ഗോളുകൾ നേടിയിരുന്നു.എന്നാൽ പിന്നീട് 2021ൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കുകയും ചെയ്തു.

ഏതായാലും ദോഹയിൽ വെച്ചുകൊണ്ട് നടക്കുന്ന മത്സരത്തിൽ ഏതൊക്കെ താരങ്ങൾ പങ്കെടുക്കും എന്നുള്ളത് വ്യക്തമായിട്ടില്ല. അധികം വൈകാതെ തന്നെ ഇരു ടീമുകളും സ്‌ക്വാഡ് പുറത്തു വിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *