ഫോൺ മോഷ്ടിച്ചു,സിറ്റിയുടെ പോർച്ചുഗീസ് താരം അറസ്റ്റിലായി!
നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് പോർച്ചുഗീസ് താരമായ മാത്യൂസ് നുനസ് കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിൽ നിന്നായിരുന്നു ഈ താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗൽ ദേശീയ ടീമിൽ ഇടം നേടാൻ നുനസിന് കഴിഞ്ഞിരുന്നില്ല. അതേത്തുടർന്ന് താരം ഒഴിവ് ചിലവഴിക്കാൻ വേണ്ടി തന്റെ സുഹൃത്തുക്കളോടൊപ്പം മാഡ്രിഡിൽ എത്തിയിരുന്നു.
അവിടുത്തെ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു ഇദ്ദേഹം ചിലവഴിച്ചിരുന്നത്. എന്നാൽ അന്നേദിവസം ഇദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് കുറച്ച് സമയം താരത്തിന് ജയിലിൽ കിടക്കേണ്ടിവന്നു.ജാമ്യം ലഭിച്ചതിനുശേഷം താരം പുറത്തിറങ്ങുകയായിരുന്നു. പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ മുണ്ടോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സംഭവിച്ചത് എന്താണ് എന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.ഫോൺ മോഷ്ടിച്ചതിന്റെ പേരിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ വാഷ്റൂമിൽ വെച്ച് കൊണ്ട് ഒരു മധ്യവയസ്കനായ വ്യക്തി ഇദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് ഈ പോർച്ചുഗീസ് താരത്തിന് ഒട്ടും പിടിച്ചിരുന്നില്ല.നുനസ് ആ വ്യക്തിയിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് എടുക്കുകയായിരുന്നു. തുടർന്ന് ആ ഫോൺ നുനസ് കൈവശം വയ്ക്കുകയായിരുന്നു.ഇതോടെ ആ വ്യക്തി പോലീസിനെ പരാതിയുമായി സമീപിച്ചു.
തുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിക്കുന്നത് വരെ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വരികയും ചെയ്തു. പക്ഷേ വളരെ പെട്ടെന്ന് തന്നെ ജാമ്യം ലഭിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.കഴിഞ്ഞമാസം നടന്ന സംഭവം ഇപ്പോഴാണ് സ്പാനിഷ് മാധ്യമങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സിറ്റിക്കൊപ്പം തന്നെയാണ് നുനസ് ഉള്ളത്. പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്.