ടെർ സ്റ്റീഗന്റെ പരിക്ക്,പ്രതികരിച്ച് കോർടുവയും ക്രൂസും!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിയ്യാറയലിനെ അവർ പരാജയപ്പെടുത്തിയത്.ലെവന്റോസ്ക്കിയും റാഫീഞ്ഞയും മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.പാബ്ലോ ടോറെ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ ബാഴ്സലോണ താരങ്ങളെയും ആരാധകരെയും ഏറെ ദുഃഖത്തിലാഴ്ത്തിയത് ഗോൾകീപ്പർ ടെർസ്റ്റീഗന്റെ പരിക്കാണ്. താരത്തിന്റെ കാൽമുട്ടിനാണ് ഗുരുതരമായി പരിക്കേറ്റത്.ആദ്യ പകുതിയുടെ അവസാനത്തിൽ അദ്ദേഹത്തിന് കളിക്കളം വിടേണ്ടി വരികയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ മുഴുവനും ടെർസ്റ്റീഗൻ പുറത്തിരിക്കേണ്ടി വരും എന്നാണ് അറിയാൻ സാധിക്കുന്നത്.ഗുരുതരമായ ഒരു പരിക്ക് തന്നെയാണ് ഈ ജർമൻ താരത്തിന് ഏറ്റിട്ടുള്ളത്.
മുൻ റയൽ മാഡ്രിഡ് താരമായ ടോണി ക്രൂസ് ടെർസ്റ്റീഗന് പിന്തുണ അർപ്പിച്ചുകൊണ്ട് ഒരു സന്ദേശം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.വളരെ വേഗത്തിൽ പരിക്കിൽ നിന്നും മുക്തനാവട്ടെ എന്നാണ് ടോണി ക്രൂസ് എഴുതിയിട്ടുള്ളത്. അതേസമയം റയൽ മാഡ്രിഡിന്റെ ഗോൾ കീപ്പറായ തിബോട്ട് കോർട്ടുവയും ഈ ഗോൾകീപ്പർക്ക് പിന്തുണ അർപ്പിച്ചിട്ടുണ്ട്.അദ്ദേഹം തന്റെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിട്ടുള്ള വാക്കുകൾ ഇങ്ങനെയാണ്.
“ടെർസ്റ്റീഗന് പരിക്കേറ്റതിൽ എനിക്ക് ഒരുപാട് ദുഃഖമുണ്ട്.ഇങ്ങനെ കളിക്കളം വിടേണ്ടി വരുന്നത് വളരെ വേദനാജനകമായ ഒരു കാര്യമാണ്. വളരെ പെട്ടെന്ന് തന്നെ ഈ പരിക്കിൽ നിന്നും മുക്തനാകും എന്നും അധികം വൈകാതെ തന്നെ നിന്നെ ഗോൾ വലക്ക് കീഴിൽ കാണാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് റയൽ മാഡ്രിഡ് ഗോൾകീപ്പർ എഴുതിയിട്ടുള്ളത്.
ടെർസ്റ്റീഗന് പരിക്കേറ്റത് ബാഴ്സയിൽ കാര്യങ്ങളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. സെക്കൻഡ് ഗോൾകീപ്പർ ആയി കൊണ്ട് ഇനാക്കി പെനയാണ് അവർക്ക് ഉള്ളത്.എന്നാൽ ഫ്രീ ഏജന്റായ ഏതെങ്കിലും ഗോൾ കീപ്പറെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരുപക്ഷേ ബാഴ്സലോണ നടത്തിയേക്കും.