വേൾഡ് കപ്പ് ഫൈനലിൽ എത്തുമെന്ന് ഡൊറിവാൽ, പിന്നാലെ ട്രോളോട് ട്രോൾ!
സമീപകാലത്ത് വളരെ മോശം പ്രകടനമാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരാഗ്വയോടും ബ്രസീൽ പരാജയപ്പെട്ടിരുന്നു. 16 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ബ്രസീൽ പരാഗ്വയോട് തോൽവി ഏറ്റുവാങ്ങുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ആകെ 8 മത്സരങ്ങളാണ് ബ്രസീൽ കളിച്ചിട്ടുള്ളത്. അതിൽ നാല് മത്സരങ്ങളിലും പരാജയപ്പെട്ട ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.
ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ സ്ഥിതിയിലൂടെയാണ് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു അവസരത്തിൽ ബ്രസീൽ പരിശീലകൻ ഡൊറിവാൽ ജൂനിയർ പറഞ്ഞ ഒരു കാര്യം വലിയ ശ്രദ്ധ നേടിയിരുന്നു. 2026 വേൾഡ് കപ്പ് ഫൈനലിൽ ബ്രസീൽ ഉണ്ടാകുമെന്നും ഇത് നിങ്ങൾ രേഖപ്പെടുത്തി വെച്ചോളൂ എന്നുമായിരുന്നു ബ്രസീൽ പരിശീലകൻ പറഞ്ഞിരുന്നത്. അതിനു പിന്നാലെയാണ് ബ്രസീൽ പരാഗ്വയോട് പരാജയപ്പെട്ടത്.
വലിയ ട്രോളുകളും പരിഹാസങ്ങളുമാണ് ബ്രസീൽ പരിശീലകന് ഇക്കാര്യത്തിൽ ലഭിക്കുന്നത്.ചില ട്വീറ്റുകൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.അതൊന്ന് നമുക്ക് പരിശോധിക്കാം.
‘ ആദ്യം വേൾഡ് കപ്പിന് യോഗ്യത നേടാൻ നോക്കൂ, എന്നിട്ട് മതി ഫൈനലൊക്കെ ‘ എന്നാണ് ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.
‘ UCL ഫൈനലിനു വേണ്ടി ഹോട്ടൽ ബുക്ക് ചെയ്തോളൂ എന്ന് ക്ലോപ് ലിവർപൂൾ ആരാധകരോട് പറഞ്ഞപോലെയാകുമോ ഇത് എന്നാണ് ‘ മറ്റൊരു ആരാധകൻ ചോദിച്ചിട്ടുള്ളത്.
‘ ദേശീയ ടീമിന് വേണ്ടി ഒന്നും ചെയ്യാത്ത വിനിയാണ് നിങ്ങൾക്കൊപ്പമുള്ളത്. ആരാണ് നിങ്ങളെ വേൾഡ് കപ്പ് ഫൈനൽ വരെ കൊണ്ടുപോവുക’ എന്നാണ് ഒരു ആരാധകൻ ചോദിച്ചിട്ടുള്ളത്.
‘ ഇതുവരെ വേൾഡ് കപ്പിന് യോഗ്യത പോലും നേടിയിട്ടില്ല.എന്നിട്ടാണ് ഇങ്ങേര് വേൾഡ് കപ്പ് ഫൈനലിനെ കുറിച്ച് സംസാരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം പോലും ബ്രസീൽ കടക്കുമോ എന്നുള്ളതാണ് സംശയം. അതുകൊണ്ടുതന്നെ ഈ വാക്കുകൾ ഏറെക്കാലം സേവ് ചെയ്ത് വെക്കേണ്ടി വരില്ല ‘ എന്നാണ് ഒരു ആരാധകൻ കുറിച്ചിട്ടുള്ളത്.
ഈ ടീമും വെച്ച് നിങ്ങൾ ഒന്നും കാണിക്കാൻ പോകുന്നില്ല എന്ന് ഒരു ആരാധകൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ നിരവധി ട്വീറ്റുകൾ ഈ വിഷയത്തിൽ നമുക്ക് കാണാൻ കഴിയും. ഏതായാലും അടുത്ത വേൾഡ് കപ്പിൽ ബ്രസീലിയൻ ആരാധകർ വലിയ പ്രതീക്ഷയൊന്നും വെച്ച് പുലർത്തുന്നില്ല. കാരണം അത്രയും പരിതാപകരമായ ഒരു അവസ്ഥയിലാണ് ക്ലബ്ബ് ഉള്ളത്.