ഞങ്ങൾക്ക് കോൺഫിഡൻസില്ല: ബ്രസീൽ ടീമിന്റെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് മാർക്കിഞ്ഞോസ്
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പരാഗ്വയാണ് ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ഇന്റർ മയാമി താരം ഡിയഗോ ഗോമസ് നേടിയ ഗോളാണ് പരാഗ്വക്ക് വിജയം സമ്മാനിച്ചത്.അതേസമയം ബ്രസീൽ തങ്ങളുടെ മോശം പ്രകടനം തുടരുകയാണ്.ആകെ കളിച്ച 8 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ബ്രസീലിന്റെ മോശം പ്രകടനത്തെക്കുറിച്ച് സൂപ്പർ താരം മാർക്കിഞ്ഞോസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.ടീമിന് കോൺഫിഡൻസ് ഇല്ല എന്നാണ് ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ വളരെ ബുദ്ധിമുട്ടേറിയതാണെന്നും മാർക്കിഞ്ഞോസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” നിർഭാഗ്യവശാൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിലും വിജയിക്കുന്നതിലും ഞങ്ങൾക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ട്. ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ തന്നെയാണ് ഞങ്ങളും പരിശീലകനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.കൂടാതെ പല താരങ്ങളും പുതിയ താരങ്ങളാണ്. നിലവിൽ ടീമിന് കോൺഫിഡൻസിന്റെ അഭാവം ഉണ്ട്. മത്സരങ്ങൾ വിജയിച്ചു കൊണ്ട് ആ കോൺഫിഡൻസ് ഞങ്ങൾ തിരികെ കണ്ടെത്തേണ്ടതുണ്ട്.ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ വളരെ ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയാണ്.ബ്രസീലിന് എപ്പോഴും ഉള്ള കോൺഫിഡൻസ് ഇല്ലാത്തതാണ് പ്രശ്നം. മത്സരങ്ങൾ വിജയിച്ചു കൊണ്ട് ഇതിനെല്ലാം മറുപടി നൽകേണ്ടതുണ്ട് ” ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.
ഇനി അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.ചിലിയും പെറുവുമാണ് ബ്രസീലിന്റെ എതിരാളികൾ. ഇനിയുള്ള മത്സരങ്ങളിൽ പരാജയപ്പെട്ടാൽ ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത തന്നെ പ്രശ്നത്തിലാവും.കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനാവും ബ്രസീൽ ഇനി ശ്രമിക്കുക.