ക്രിസ്റ്റ്യാനോയാണ് എന്റെ ലക്ഷ്യം: വിശദീകരിച്ച് ഹാരി കെയ്ൻ!
കഴിഞ്ഞ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി ഗോൾ കണ്ടെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഇതോടെ 900 ഗോളുകൾ എന്ന അപൂർവ്വ നേട്ടം താരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഒരു താരം 900 ഒഫീഷ്യൽ ഗോളുകൾ സ്വന്തമാക്കുന്നത്.ഈ റെക്കോർഡ് തകർക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിനെ കുറിച്ചും റെക്കോർഡിനെ കുറിച്ചും ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ സംസാരിച്ചിട്ടുണ്ട്. എങ്ങനെ ഒരുപാട് കാലം ഹൈ ലെവലിൽ കളിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് റൊണാൾഡോ എന്നാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോയെ പോലെ എല്ലാ മത്സരത്തിലും ഗോളുകൾ നേടുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്നും കെയ്ൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ബെഞ്ച് മാർക്കാണ്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. മാത്രമല്ല ഒരുപാട് കാലം ഹൈ ലെവലിൽ എങ്ങനെ കളിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് റൊണാൾഡോ. പക്ഷേ റൊണാൾഡോ എത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുത്താലും ശബ്ദ കോലാഹലങ്ങൾ ഉണ്ടാവുക സാധാരണമാണ്. അത് എനിക്കും നേരിടേണ്ടി വരാറുണ്ട്. പക്ഷേ നമുക്ക് ചെയ്യാനാവുന്ന കാര്യം ഈ പ്രകടനം തുടരുക എന്നുള്ളതാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള പല താരങ്ങളും 30 വയസ്സിനുശേഷം തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.കളിക്കുന്ന ഭൂരിഭാഗം മത്സരങ്ങളിലും ഗോളടിക്കാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്.അതാണ് എന്റെ ലക്ഷ്യം. അദ്ദേഹത്തെപ്പോലെ എല്ലാ മത്സരങ്ങളിലും ഗോളടിക്കണം “ഇതാണ് ഹാരി കെയിൻ പറഞ്ഞിട്ടുള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ അയർലാൻഡിനെ ഇംഗ്ലണ്ട് എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.മത്സരത്തിൽ കെയിൻ കളിച്ചിരുന്നുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ റൈസാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.ജാക്ക് ഗ്രീലിഷ് മറ്റൊരു ഗോൾ സ്വന്തമാക്കുകയായിരുന്നു.