സൂപ്പർ താരം പുറത്ത്,ബ്രസീൽ ടീമിൽ മാറ്റം വരുത്തി പരിശീലകൻ!
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് ബ്രസീലിന്റെ എതിരാളികൾ. സെപ്റ്റംബർ ഏഴാം തീയതി രാവിലെ ഇന്ത്യൻ സമയം 6:15നാണ് മത്സരം നടക്കുക. രണ്ടാമത്തെ മത്സരത്തിൽ പരാഗ്വയെ ബ്രസീൽ നേരിടും. സെപ്റ്റംബർ പതിനൊന്നാം തീയതി രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് മത്സരം അരങ്ങേറുക.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്ക് കാരണം നെയ്മർ ജൂനിയർക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അതുപോലെതന്നെ സൂപ്പർ താരങ്ങളായ കാസമിറോ,റാഫീഞ്ഞ എന്നിവർക്കും ബ്രസീൽ ടീമിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സ്‌ക്വാഡ് തന്നെയായിരുന്നു പരിശീലകൻ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ പരിക്ക് കാരണം ഈ ടീമിനകത്ത് ഡൊറിവാൽ ജൂനിയർക്ക് മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന യാൻ കൂട്ടോക്കാണ് പരിക്ക് കാരണം ടീമിലെ സ്ഥാനം നഷ്ടമായിരിക്കുന്നത്. പകരം മറ്റൊരു താരമായ വില്ല്യമിനെ ഈ പരിശീലകൻ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ബ്രസീലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിന്റെ താരമാണ് ഇപ്പോൾ യാൻ കൂട്ടോ.ജിറോണയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം ഇപ്പോൾ ഈ ജർമ്മൻ ക്ലബ്ബിൽ എത്തിയിട്ടുള്ളത്. അതേസമയം ബ്രസീലിയൻ ക്ലബ്ബായ ക്രുസെയ്റോക്ക് വേണ്ടി സമീപകാലത്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന വിങ് ബാക്കാണ് വില്ല്യം. അർഹിച്ച ഒരു സ്ഥാനം തന്നെയാണ് ബ്രസീൽ ദേശീയ ടീമിനകത്ത് അദ്ദേഹം ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.ഈ സീസണിൽ 21 മത്സരങ്ങൾ കളിച്ച ഈ പ്രതിരോധനിര താരം നാല് ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.തനിക്ക് അരങ്ങേറ്റം നടത്താനുള്ള അവസരം ലഭിക്കുമെന്ന് തന്നെയാണ് താരം പ്രതീക്ഷിക്കുന്നത്.