മെസ്സി കരയുന്ന ചിത്രം,CR7 നാണ് GOAT എന്ന് ക്യാപ്ഷൻ,എംബപ്പേയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് പിറകിലെന്ത്?

സൂപ്പർ താരം കിലിയൻ എംബപ്പേ നിലവിൽ റയൽ മാഡ്രിഡിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ക്ലബ്ബിനുവേണ്ടി മൂന്നു മത്സരങ്ങൾ താരം കളിച്ചു. ഒരു ഗോളാണ് എംബപ്പേ നേടിയിട്ടുള്ളത്. ഇന്ന് ലാലിഗയിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിന് വേണ്ടി എംബപ്പേ കളിക്കളത്തിലേക്ക് ഇറങ്ങും.ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലാസ് പാൽമസാണ്.

എന്നാൽ എംബപ്പേയുമായി ബന്ധപ്പെട്ട ഒരു സംഭവം മണിക്കൂറുകൾക്ക് മുന്നേ നടന്നിട്ടുണ്ട്. അതായത് എംബപ്പേയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടുകളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ലയണൽ മെസ്സിയെയും മറ്റു പല ക്ലബ്ബുകളെയും ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. മെസ്സി കരയുന്ന ഒരു ചിത്രം അതിൽ ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ ഗോട്ട്,മെസ്സി എന്റെ ഗോട്ടല്ല എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ ഉണ്ടായിരുന്നത്.

കാര്യങ്ങൾ അപ്പോൾ തന്നെ വളരെ വ്യക്തമായിരുന്നു.എംബപ്പേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണ് അത് ചെയ്തത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കാരണം റൊണാൾഡോയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.ടോട്ടൻഹാം,ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെയൊക്കെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ അധികം പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് മുന്നേ തന്നെ അദ്ദേഹത്തിന്റെ അക്കൗണ്ട് റിക്കവർ ചെയ്യപ്പെട്ടിട്ടുണ്ട്.ആ പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്. അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കി വെക്കാത്തതിനാൽ എംബപ്പേക്കും വിമർശനങ്ങൾ ഏറെ കേൾക്കേണ്ടി വരുന്നുണ്ട്. ഏതായാലും എംബപ്പേയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ തന്നെയാണ് കഴിഞ്ഞ കുറച്ച് സമയം ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ ഇന്നത്തെ മത്സരത്തിലാണ് എംബപ്പേ തന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *