സ്വപ്നസാക്ഷാത്കാരം : ബ്രസീൽ ടീമിൽ ഇടം നേടിയത് കുടുംബത്തോടൊപ്പം ആഘോഷിച്ച് മെസ്സിഞ്ഞോ!
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് ബ്രസീലിന്റെ എതിരാളികൾ.സെപ്റ്റംബർ ഏഴാം തീയതി രാവിലെ ഇന്ത്യൻ സമയം 6:15നാണ് ഈയൊരു മത്സരം നടക്കുക. പിന്നീട് രണ്ടാം മത്സരത്തിൽ പരാഗ്വയെ നേരിടും. സെപ്റ്റംബർ പതിനൊന്നാം തീയതി രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് ആ മത്സരം അരങ്ങേറുക.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.പരിക്ക് കാരണം നെയ്മർ ടീമിൽ ഇടം നേടിയിട്ടില്ല.കാസമിറോ,റാഫീഞ്ഞ എന്നിവർക്കും ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം 17 വയസ്സ് മാത്രമുള്ള എസ്റ്റവായോ വില്യൻ ആദ്യമായി ബ്രസീലിന്റെ സീനിയർ ടീമിൽ ഇടം നേടി കഴിഞ്ഞു. സമീപകാലത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്ത മെസ്സിഞ്ഞോ അർഹിച്ച സ്ഥാനം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.
ബ്രസീൽ പരിശീലകൻ ടീം പ്രഖ്യാപിക്കുന്ന വേളയിൽ തന്റെ കുടുംബത്തോടൊപ്പം ആയിരുന്നു മെസ്സിഞ്ഞോ ഉണ്ടായിരുന്നത്. തന്റെ പേര് പ്രഖ്യാപിച്ചതോടെ കുടുംബത്തോടൊപ്പം അത് ആഘോഷിക്കുകയാണ് താരം ചെയ്തിട്ടുള്ളത്. അതിന്റെ വൈകാരികമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. വളരെ ഇമോഷണലായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അതിനോട് റിയാക്ട് ചെയ്തിരുന്നത്.
ബ്രസീൽ ടീമിൽ ഇടം നേടിയതിലുള്ള തന്റെ പ്രതികരണം മെസ്സിഞ്ഞോ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വളരെ കുറച്ചു മാത്രമാണ് തനിക്ക് ഉറങ്ങാൻ കഴിഞ്ഞത്,എന്റെ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് മെസ്സിഞ്ഞോ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. ബ്രസീൽ ക്ലബ് ആയ പാൽമിറാസിന് വേണ്ടി മികച്ച പ്രകടനമാണ് താരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 5 ഗോളുകളും 5 അസിസ്റ്റുകളുമാണ് ഈ സീസണിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. ബ്രസീലിന്റെ അണ്ടർ ഏജ് ടീമുകൾക്ക് വേണ്ടിയും താരം തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ട്. താരത്തെ ടീമിലേക്ക് തിരഞ്ഞെടുത്തതിൽ ബ്രസീലിയൻ ആരാധകരും ഇപ്പോൾ ഹാപ്പിയാണ്.