പോർച്ചുഗീസ് സൂപ്പർ താരത്തെ സൈൻ ചെയ്യാൻ പറഞ്ഞിട്ട് കേട്ടില്ല: റയലിനെ കുറിച്ച് ഗൂട്ടി!
പോർച്ചുഗീസ് സൂപ്പർ താരമായ ജാവോ ഫെലിക്സിനെ 2019ലായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയിരുന്നത്.റെക്കോർഡ് തുകയായിരുന്നു അവർ ചെലവഴിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല പരിശീലകൻ ഡിയഗോ സിമയോണിയുമായി താരം ഉടക്കുകയും ചെയ്തു.തുടർന്ന് ഫെലിക്സ് ലോൺ അടിസ്ഥാനത്തിൽ ചെൽസി,ബാഴ്സ എന്നിവർക്ക് വേണ്ടി കളിക്കുകയായിരുന്നു.ഇപ്പോൾ വീണ്ടും അദ്ദേഹം ചെൽസിയിലേക്ക് പോവുകയാണ്. 6 വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുന്നത്.
റയൽ മാഡ്രിഡിന് വേണ്ടി ഏറെ കാലം കളിച്ച ഇതിഹാസമാണ് ഗൂട്ടി. പിന്നീട് 2013 മുതൽ 2018 വരെ റയലിന്റെ യൂത്ത് ടീമിനെ ഇവർ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.ഈ കാലയളവിൽ ജാവോ ഫെലിക്സിനേയും ജേഡൻ സാഞ്ചോയേയും സൈൻ ചെയ്യാൻ താൻ റയലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് അവർ അവഗണിച്ചു എന്നും ഗൂട്ടി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“യൂത്ത് ലീഗിൽ ഫെലിക്സ് അത്ഭുതകരമായ പ്രകടനം നടത്തുന്നത് ഞാൻ കണ്ടിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുമ്പോൾ അവൻ ഏറെ മുന്നിലായിരുന്നു.എല്ലാവർക്കും പാസുകൾ നൽകുന്നുണ്ടായിരുന്നു. അവനെ സൈൻ ചെയ്യാൻ ഞാൻ അന്ന് റയലിനോട് ആവശ്യപ്പെട്ടിരുന്നു.റയലിന്റെ യൂത്ത് ടീമിനെ ഞാനായിരുന്നു അന്ന് പരിശീലിപ്പിച്ചിരുന്നത്.സെമി ഫൈനലിൽ ഫെലിക്സ് ഞങ്ങൾക്കെതിരെയായിരുന്നു കളിച്ചിരുന്നത്.മൂന്ന് ഗോളുകളായിരുന്നു ഞങ്ങൾക്കെതിരെ അദ്ദേഹം നേടിയിരുന്നത്. യൂത്ത് ലീഗിൽ തന്നെയാണ് ഞാൻ സാഞ്ചോയെ കണ്ടത്. രണ്ട് പേരെയും ഞാൻ ക്ലബ്ബിന് സജസ്റ്റ് ചെയ്തു നൽകിയിരുന്നു. എന്നാൽ അവരത് അവഗണിക്കുകയായിരുന്നു “ഇതാണ് ഗൂട്ടി പറഞ്ഞിട്ടുള്ളത്.
ഫെലിക്സ് അത്ലറ്റിക്കോയിൽ പരാജയപ്പെടാൻ കാരണം ഭീമമായ ട്രാൻസ്ഫർ തുകയാണെന്നും ഗൂട്ടി ആരോപിച്ചിട്ടുണ്ട്.എന്നാൽ ഈ താരങ്ങളെ സൈൻ ചെയ്യാത്തത് റയൽ മാഡ്രിഡിന് ഖേദമൊന്നും തോന്നാൻ സാധ്യതയില്ല. കാരണം അത്രയധികം സൂപ്പർ താരങ്ങളെ ഇന്ന് റയലിന് ലഭ്യമാണ്.