ഡി ലൈറ്റിന് ഓരോ സീസണിലും ഓരോ പരിശീലകർ,ഇപ്പോൾ വീണ്ടും ടെൻഹാഗിന് കീഴിൽ!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഒരാൾ മത്യാസ് ഡി ലൈറ്റാണ്.ബയേൺ മ്യൂണിക്കിൽ നിന്നും 45 മില്യൺ യൂറോക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പ്രതിരോധ നിര താരത്തെ കൊണ്ടുവന്നിട്ടുള്ളത്. ഇതോടൊപ്പം തന്നെ മറ്റൊരു ബയേൺ താരമായ മസ്റോയിയേയും അവർ സ്വന്തമാക്കിയിട്ടുണ്ട്.
ഡി ലൈറ്റിന്റെ കരിയർ ഒരല്പം രസകരമാണ്. ഓരോ സീസണിലും വ്യത്യസ്ത പരിശീലകർക്ക് കീഴിൽ കളിക്കേണ്ടി വന്നിട്ടുള്ള താരമാണ് ഈ ഡിഫൻഡർ.പക്ഷേ ഇപ്പോൾ വീണ്ടും അദ്ദേഹം തന്റെ പഴയ പരിശീലകന്റെ കീഴിലേക്ക് എത്തിച്ചേർന്നു.2016ൽ അയാക്സിന് വേണ്ടിയാണ് താരം അരങ്ങേറ്റം കുറിച്ചിട്ടുള്ളത്.ആ സീസണിൽ പരിശീലകൻ ബോസായിരുന്നു. അതിനുശേഷം 2017/18 സീസണിൽ ഡി ലൈറ്റ് കളിച്ചത് കെയ്സർ എന്ന പരിശീലകന് കീഴിലാണ്. തുടർന്നാണ് ടെൻ ഹാഗ് വരുന്നത്. 2018/19 സീസണിൽ ടെൻ ഹാഗിന് കീഴിൽ ഈ ഡിഫൻഡർ കളിച്ചു.
അതിനുശേഷം താരം അയാക്സ് വിട്ടുകൊണ്ട് യുവന്റസിലേക്ക് എത്തി. 2019/20 സീസൺ സാറിക്ക് കീഴിലാണ് കളിച്ചത്. അതിനുശേഷം ആൻഡ്ര പിർലോക്ക് കീഴിൽ ഒരു സീസൺ താരം ചിലവഴിച്ചു. അതിനുശേഷം യുവന്റസിന്റെ പരിശീലകനായി കൊണ്ട് എത്തിയത് അലഗ്രിയാണ്. അദ്ദേഹത്തിന് കീഴിൽ ഒരു സീസൺ കളിച്ചതിനു ശേഷം അദ്ദേഹം ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറി.
തുടർന്ന് 2022/23 സീസൺ നഗൽസ്മാന് കീഴിലാണ് ഈ പ്രതിരോധനിര താരം കളിച്ചിട്ടുള്ളത്. പിന്നീട് അവരുടെ പരിശീലകനായി കൊണ്ട് തോമസ് ടുഷേൽ വരുകയായിരുന്നു. കഴിഞ്ഞ സീസൺ ടുഷെലിന് കീഴിലാണ് ഡി ലൈറ്റ് കളിച്ചത്. ഇപ്പോൾ വീണ്ടും തന്റെ പഴയ പരിശീലകനായ ടെൻ ഹാഗിന് കീഴിൽ എത്തിയിട്ടുണ്ട്.അയാക്സിൽ പുറത്തെടുത്തത് പോലെ മികച്ച പ്രകടനം ടെൻഹാഗിന് കീഴിൽ ഡി ലൈറ്റ് പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.