ബാഴ്സ വിടാൻ തീരുമാനിച്ച മെസ്സി പെപ്പിനോട് സംസാരിച്ചത് എന്ത്? ചാറ്റ് പുറത്തായി!
2020ലെ യുവേഫ ചാമ്പ്യൻസ് ലീഗിലായിരുന്നു ബാഴ്സലോണക്ക് ഒരു വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ 8 ഗോളുകൾക്കായിരുന്നു ബാഴ്സ ബയേണിനോട് പരാജയപ്പെട്ടത്. ഇതോടുകൂടി ക്ലബ്ബ് വിടാൻ മെസ്സി തീരുമാനിച്ചിരുന്നു. ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചുകൊണ്ട് ബറോഫാക്സ് മെസ്സി ബാഴ്സക്ക് അയക്കുകയും ചെയ്തിരുന്നു.
പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനായിരുന്നു മെസ്സി ആഗ്രഹിച്ചിരുന്നത്. സിറ്റിയുടെ പരിശീലകനായ പെപ്പിനോട് മെസ്സി തന്റെ ആഗ്രഹം തുറന്നുപറയുകയും ചെയ്തിരുന്നു.അന്ന് രണ്ടുപേരും സംസാരിച്ച കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതായത് പെപ്പിനെ കുറിച്ച് മാർട്ടി പെറാർനൗ എഴുതിയ ദി പെപ് റവല്യൂഷൻ എന്ന പുസ്തകത്തിലാണ് ഇത് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.ആ ചാറ്റ് ഇങ്ങനെയാണ്.
ഓഗസ്റ്റ് പതിനേഴാം തീയതി ലയണൽ മെസ്സി പെപ്പിന് മെസ്സേജ് അയക്കുന്നു..ഹായ് പെപ് എന്തൊക്കെയുണ്ട്? എന്നായിരുന്നു മെസ്സേജ്.
അതിനുശേഷം ലയണൽ മെസ്സിയും പെപ്പും ഒരു കൂടി കാഴ്ച്ച ബാഴ്സലോണയിലെ പെപ്പിന്റെ വീട്ടിൽ വച്ച് നടത്തുന്നു.ഏകദേശം 6 മണിക്കൂറോളം ഇരുവരും സംസാരിച്ചിട്ടുണ്ട്.അതിലെ പ്രസക്തഭാഗങ്ങൾ ആ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.അത് ഇങ്ങനെയാണ്.
‘ബോസ്..എനിക്ക് സാധ്യമാകുന്ന അത്രയും മുന്നോട്ടുപോകണം. ഫുട്ബോളിൽ ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു ‘ഇതായിരുന്നു മെസ്സി പരിശീലകനോട് പറഞ്ഞിരുന്നത്.
‘ ഞങ്ങൾ വളരെയധികം പരിശീലനം നടത്തുന്നവരാണ്.മാഞ്ചസ്റ്റർ സിറ്റിയിലെ പരിശീലന രീതി നിനക്കറിയാമല്ലോ ‘ഇതായിരുന്നു പരിശീലകന്റെ മറുപടി.
‘അതൊന്നും എനിക്ക് പ്രശ്നമല്ല. ഞാൻ ഹാർഡ് വർക്ക് ചെയ്യാൻ തയ്യാറാണ് ‘മെസ്സി പറഞ്ഞു.
‘ഞാൻ ഇപ്പോഴും ടാക്ടിക്കൽ ആയിക്കൊണ്ട് ഒരുപാട് സംസാരിക്കുന്ന ആളാണ്. അത് ഒരുപക്ഷേ നിന്നെ ബോറടിപ്പിച്ചേക്കും ‘പെപ് പറഞ്ഞു.
‘ നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ അതിനോട് സഹകരിക്കാം ‘ഇതായിരുന്നു മെസ്സിയുടെ മറുപടി.
‘ മെസ്സി നമുക്കിപ്പോൾ രണ്ടുപേർക്കും വയസ്സ് വർദ്ധിച്ചിട്ടുണ്ട്.. നമ്മൾ കരുതിയ പോലെ കാര്യങ്ങൾ നടക്കണം എന്നില്ല ‘ഇതായിരുന്നു പരിശീലകൻ പറഞ്ഞിരുന്നത്.
‘ എനിക്ക് ആകെ വേണ്ടത് മികച്ച രൂപത്തിൽ കളിക്കുക എന്നതാണ്.മികച്ച കാര്യങ്ങൾ ചെയ്യണം. എന്തിനും ഞാൻ തയ്യാറാണ് ‘ഇതായിരുന്നു മെസ്സിയുടെ മറുപടി.
അങ്ങനെ വലിയ ഒരു സംഭാഷണത്തിനു ശേഷം ഇരുവരും പിരിഞ്ഞു.പക്ഷേ ആ ഡീൽ നടക്കാതെ പോവുകയായിരുന്നു. എന്തെന്നാൽ നിയമപരമായ സങ്കീർണതകൾ മെസ്സിയുടെ പിതാവ് ആഗ്രഹിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ബാഴ്സയുമായി ഒരു വർഷത്തെ കരാറിൽ എത്തി. അങ്ങനെയാണ് മെസ്സി 2020ൽ ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചത്. സിറ്റിയിലേക്ക് എത്തുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നെങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.