Big game player..!ഫൈനലിൽ പൊളിച്ചടുക്കുന്നവൻ വിനി!
ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ പരാജയപ്പെടുത്തിയത്.ഫെഡേ വാൽവെർദെ,കിലിയൻ എംബപ്പേ എന്നിവർ നേടിയ ഗോളുകളാണ് റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടെ ആറാമത്തെ യുവേഫ സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി കഴിഞ്ഞു.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയത് റയൽ മാഡ്രിഡ് തന്നെയാണ്.
ഇന്നലത്തെ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ നടത്തിയിട്ടുള്ളത്.വാൽവെർദെ നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നൽകിയത് വിനീഷ്യസ് ജൂനിയറായിരുന്നു. മാത്രമല്ല എംബപ്പേ നേടിയ ഗോളിന്റെ പിറകിലും വിനിയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും.ജൂഡ് ബെല്ലിങ്ങ്ഹാമിന് പാസ് നൽകിയിരുന്നത് വിനിയായിരുന്നു.ബെല്ലിങ്ങ്ഹാം അത് എംബപ്പേയിലേക്ക് എത്തിക്കുകയും താരം അത് ഗോളാക്കി മാറ്റുകയും ചെയ്തു.
കരിയറിൽ ഇതിനോടകം തന്നെ നിരവധി ഫൈനലുകൾ കളിച്ച് കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് വിനീഷ്യസ്.ഫൈനലുകളിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീഷ്യസിന് സാധിക്കാറുണ്ട്. റയൽ മാഡ്രിഡിന് വേണ്ടി ആകെ 11 ഫൈനലുകളാണ് വിനീഷ്യസ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 11 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഫൈനലുകളിൽ ആകെ 7 ഗോളുകളാണ് വിനീഷ്യസ് ജൂനിയർ നേടിയിട്ടുള്ളത്.കൂടാതെ നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ആകെ കളിച്ച 11 ഫൈനലുകളിൽ പത്തെണ്ണത്തിലും അദ്ദേഹം വിജയം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്. മാത്രമല്ല ഒരു ഫൈനലിൽ അദ്ദേഹം ഹാട്രിക്ക് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ വലിയ മത്സരങ്ങൾ വരുമ്പോൾ വിനീഷ്യസ് തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കും. അത് റയൽ മാഡ്രിഡിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.