ഇനി നിൻ്റെ അച്ഛനോട് എന്നെ വിളിക്കരുത് എന്ന് പറയണം: ജൂലിയാനോയോട് ആൽവേരസ്
ഇത്തവണത്തെ ഒളിമ്പിക്സിൽ അർജന്റീന ടീമിൽ ഒരുമിച്ച് കളിച്ചവരാണ് ഹൂലിയൻ ആൽവരസും ജൂലിയാനോ സിമയോണിയും.അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുടെ ചെറിയ മകനാണ് ജൂലിയാനോ സിമയോണി.അത്ലറ്റിക്കോ മാഡ്രിഡിലൂടെ തന്നെയാണ് ജൂലിയാനോയും വളർന്നിട്ടുള്ളത്.
ഈ ഒളിമ്പിക്സ് സമയത്തിനിടയിലായിരുന്നു ഡിയഗോ സിമയോണി ഹൂലിയൻ ആൽവരസിനെ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിക്കാൻ ശ്രമിച്ചിരുന്നത്.സിമയോണി അദ്ദേഹത്തെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു.ഏതായാലും അതിപ്പോൾ ഫലം കണ്ടിട്ടുണ്ട്.ആൽവരസ് മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വരികയാണ്.
എന്നാൽ ഇതിനിടയിൽ സംഭവിച്ച ഒരു രസകരമായ കാര്യം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് അത്ലറ്റിക്കോയിലേക്ക് വരാൻ തീരുമാനിച്ച സമയത്ത് തമാശരൂപേണ ഒരു കാര്യം ഹൂലിയൻ ആൽവരസ് സിമയോണിയുടെ മകനോട് പറഞ്ഞിട്ടുണ്ട്.’ഞാൻ വരുന്നുണ്ട്, ഇനി നിന്റെ അച്ഛനോട് വിളിക്കരുത് എന്ന് പറയണം ‘ ഇതായിരുന്നു ആൽവരസ് ജൂലിയാനോ സിമയോണിയോട് തമാശ രൂപേണ പറഞ്ഞിരുന്നത്.ഡിയഗോ സിമയോണി താരത്തെ കൊണ്ടുവരാൻ എത്രത്തോളം ശ്രമിച്ചു എന്നത് ഇതിൽ നിന്നും വ്യക്തമാണ്.
അഞ്ചുവർഷത്തെ കരാറിലാണ് താരം അത്ലറ്റിക്കോ മാഡ്രിഡുമായി ഒപ്പുവെക്കുക. 95 മില്യൺ യൂറോ എന്ന വലിയ തുകയാണ് താരത്തിനുവേണ്ടി ക്ലബ്ബ് ചിലവഴിക്കുന്നത്.ഈ സമ്മറിൽ വേറെയും സൂപ്പർ താരങ്ങളെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സീസണിൽ അത്ലറ്റിക്കോയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം എന്നാണ് പലരുടെയും വിലയിരുത്തൽ.