തോറ്റിരിക്കാം, പക്ഷേ മനം കവർന്നത് ഞങ്ങളെന്ന് ഫ്രഞ്ച് കോച്ച് ഹെൻറി!
ഇന്നലെ ഒളിമ്പിക്സിൽ നടന്ന കലാശ പോരാട്ടത്തിൽ ആവേശകരമായ ഒരു മത്സരത്തിനാണ് ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഫ്രാൻസും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ ആകെ 8 ഗോളുകളാണ് പിറന്നത്. മൂന്നിനെതിരെ 5 ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ഗോൾഡ് സ്വന്തമാക്കാൻ സ്പെയിനിന് കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്രാൻസ് പിറകിലായിരുന്നു. പക്ഷേ പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് മത്സരം സമനിലയിൽ ആയി.
ഇതോടെ എക്സ്ട്രാ ടൈമിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ രണ്ട് ഗോളുകൾ സ്പെയിൻ നേടുകയും വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഈ തോൽവിയിൽ ഫ്രഞ്ച് പരിശീലകനായ ഹെൻറിക്ക് നിരാശയില്ല. തകർപ്പൻ പ്രകടനം നടത്തി മനം കവർന്നത് ഫ്രാൻസ് തന്നെയാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ഹെൻറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ പരാജയത്തിൽ എനിക്ക് ഒട്ടും നിരാശയില്ല.ഒരു 15 മിനിറ്റ് ഞങ്ങൾക്ക് ചെറിയ അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നു.പക്ഷേ അവസാനം വരെ ഞങ്ങൾ മികച്ച പോരാട്ടവീര്യം കാഴ്ചവച്ചു. ടീം അവസാനം വരെ തകർപ്പൻ പ്രകടനം പുറത്തെടുത്താൽ പിന്നീട് നമുക്കൊന്നും പറയാനില്ല. ഇതൊരു അസാധാരണമായ സ്റ്റോറിയായിരുന്നു. ഞങ്ങളാണ് മികച്ച രൂപത്തിൽ കളിച്ചത് “ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇതോടെ ആതിഥേയരായ ഫ്രാൻസിന് സിൽവർ മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. സ്പെയിനിന് വേണ്ടി ഈ ഒളിമ്പിക്സിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ബാഴ്സ സൂപ്പർ താരമായ ഫിർമിൻ ലോപസാണ്. 6 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും ഒരു അസിസ്റ്റുമാണ് താരം ഒളിമ്പിക്സിൽ സ്വന്തമാക്കിയിട്ടുള്ളത്.