എംബപ്പേ നിരാശനാണ്, പക്ഷേ അന്തിമ തീരുമാനം പെരസിന്റേത് മാത്രം: പൈറസ്
ഇത്തവണത്തെ ഒളിമ്പിക് ഫുട്ബോളിൽ തകർപ്പൻ പ്രകടനമാണ് ആതിഥേയരായ ഫ്രാൻസ് നടത്തിക്കൊണ്ടിരിക്കുന്നത്.ഫൈനലിൽ പ്രവേശിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.മറ്റൊരു യൂറോപ്യൻ വമ്പൻമാരായ സ്പെയിനാണ് അവരുടെ എതിരാളികൾ. വരുന്ന ഓഗസ്റ്റ് ഒമ്പതാം തീയതി രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു കലാശ പോരാട്ടം അരങ്ങേറുക.
ഒളിമ്പിക്സിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കാൻ കിലിയൻ എംബപ്പേക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.തന്റെ വലിയ ഒരു സ്വപ്നമാണ് ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നുള്ളത് എംബപ്പേ തന്നെ പറഞ്ഞ കാര്യമായിരുന്നു.പക്ഷേ റയൽ മാഡ്രിഡ് താരത്തെ അനുവദിച്ചിരുന്നില്ല. യൂറോ കപ്പിന് പുറമേ ഒളിമ്പിക്സിൽ കൂടി അദ്ദേഹത്തെ കളിപ്പിക്കുന്നത് റിസ്ക്കാണ് എന്നതുകൊണ്ടാണ് റയൽ അദ്ദേഹത്തിന് അനുമതി നൽകാതിരുന്നത്. ഇക്കാര്യത്തിൽ എംബപ്പേ നിരാശനാണ് എന്നുള്ളത് മുൻ ഫ്രഞ്ച് താരമായിരുന്ന റോബർട്ട് പൈറസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” തീർച്ചയായും ഒളിമ്പിക്സിൽ പങ്കെടുക്കാൻ എംബപ്പേ ആഗ്രഹിച്ചിരുന്നു.കാരണം അത് അദ്ദേഹത്തിന്റെ സ്വപ്നമാണ്.മാത്രമല്ല അദ്ദേഹത്തിന്റെ നഗരത്തിൽ വച്ചുകൊണ്ടാണ് ഒളിമ്പിക്സ് നടക്കുന്നത്. അതുകൊണ്ടുതന്നെ പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം നിരാശനായിരിക്കും. പക്ഷേ ഇവിടെ ചാർജിൽ ഉള്ളത് റയൽ മാഡ്രിഡും അവരുടെ പ്രസിഡണ്ടായ പെരസുമാണ്.അദ്ദേഹത്തിന്റെ തീരുമാനമാണ് അന്തിമം.അത് നമ്മൾ ബഹുമാനിക്കേണ്ടിയിരിക്കുന്നു. നിലവിൽ എംബപ്പേക്ക് ഒളിമ്പിക്സിനെക്കാൾ പ്രധാനം റയൽ മാഡ്രിഡ് തന്നെയാണ്.തിയറി ഹെൻറിക്ക് കീഴിൽ എംബപ്പേ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. നമ്മൾ എപ്പോഴും റയൽ മാഡ്രിഡിന്റെ തീരുമാനത്തെ ബഹുമാനിക്കണം ” ഇതാണ് പൈറസ് പറഞ്ഞിട്ടുള്ളത്.
കിലിയൻ എംബപ്പേയെ വലിയ ആരാധക കൂട്ടത്തിന് മുന്നിൽ റയൽ മാഡ്രിഡ് അവതരിപ്പിച്ചിരുന്നു.തുടർന്ന് അദ്ദേഹത്തിന് വെക്കേഷൻ അനുവദിക്കുകയും ചെയ്തു.യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡും അറ്റലാന്റയും തമ്മിലാണ് ഏറ്റുമുട്ടുക. ആ മത്സരത്തിൽ എംബപ്പേ റയലിനായി അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.