The Saga is Over…!നിക്കോ വില്ല്യംസ് തീരുമാനമെടുത്തു!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരുകളിൽ ഒന്ന് നിക്കോ വില്യംസിന്റെതാണ്. ഇത്തവണത്തെ യൂറോ കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഗോളടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും താരം തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.
യൂറോ കപ്പിലെ തകർപ്പൻ പ്രകടനത്തോടുകൂടി താരത്തിനു വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു. പ്രധാനമായും ബാഴ്സലോണ തന്നെയായിരുന്നു രംഗത്തുണ്ടായിരുന്നത്. ബാഴ്സ ഈ സമ്മറിൽ ഏറ്റവും കൂടുതൽ ലക്ഷ്യം വച്ച താരം നിക്കോയായിരുന്നു. 58 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് നൽകാൻ ബാഴ്സയും പിഎസ്ജിയുമൊക്കെ തയ്യാറായിരുന്നു.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുന്നേ നിക്കോ തീരുമാനമെടുത്തിരുന്നു. തന്റെ ക്ലബ്ബായ അത്ലറ്റിക്ക് ബിൽബാവോയിൽ തന്നെ തുടരും എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഈ തീരുമാനം ഇപ്പോൾ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അതായത് നിക്കോ കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ ട്രെയിനിങ്ങിൽ തിരിച്ചെത്തിയിട്ടുണ്ട്. പന്ത്രണ്ടാം തീയതി വരെ അദ്ദേഹത്തിന് വെക്കേഷൻ നൽകിയിരുന്നുവെങ്കിലും അദ്ദേഹം നേരത്തെ ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുകയായിരുന്നു. എന്നിട്ട് ഒരു മെസ്സേജ് വീഡിയോയിലൂടെ അദ്ദേഹം ആരാധകർക്കായി നൽകുകയും ചെയ്തിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഈ സീസണിൽ മുന്നോട്ടുപോവാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.വാമോസ് അത്ലറ്റിക്ക് “ഇതാണ് താരം പറഞ്ഞിട്ടുള്ളത്. ഈ സീസണിൽ ക്ലബ്ബിനകത്ത് തുടരും എന്നത് ഇതോടുകൂടി ഉറപ്പാവുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ മാസത്തിൽ ക്ലബ്ബുമായുള്ള കോൺട്രാക്ട് താരം പുതുക്കിയിരുന്നു. നിലവിൽ 2027 വരെ നിക്കോക്ക് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ല കഴിഞ്ഞ സമ്മറിൽ തന്നെ ഇദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചിരുന്നു.അന്ന് വില്ല നൽകിയ ഓഫറുകൾ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. ഇന്ന് ബാഴ്സയും പിഎസ്ജിയും ചെൽസിയുമൊക്കെ നൽകിയ ഓഫറുകൾ താരം റിജക്ട് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.