തന്നെ സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടെന്ന് ബെയ്ൽ ആവിശ്യപ്പെട്ടു, വെളിപ്പെടുത്തലുകളുമായി സിദാൻ !

മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒന്നായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പരിശീലകൻ സിദാൻ ഇരുപതിനാലംഗ സ്‌ക്വാഡ് പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ ഗാരെത് ബെയ്ൽ, ജെയിംസ് റോഡ്രിഗസ് എന്നിവരെ തഴഞ്ഞു കൊണ്ടായിരുന്നു സിദാൻ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. എന്നാൽ ഇവരെ തഴഞ്ഞു കൊണ്ട് സസ്പെൻഷനിലുള്ള, അതായത് കളിക്കാൻ സാധിക്കാത്ത സെർജിയോ റാമോസിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത് ചെറുതല്ലാത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സിദാൻ ചെയ്തത് ശരിയായില്ല എന്ന രൂപത്തിലായിരുന്നു വിമർശനങ്ങൾ. എന്നാൽ ബെയ്‌ലിനെ ഒഴിവാക്കിയതിനുള്ള പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സിദാൻ. ബെയ്‌ലിന്റെ തന്നെ ആവിശ്യപ്രകാരമായിരുന്നു അദ്ദേഹത്തെ ഒഴിവാക്കിയതെന്നായിരുന്നു സിദാന്റെ വെളിപ്പെടുത്തൽ.

” അത് ഞങ്ങൾക്കിടയിൽ സംഭവിച്ച വ്യക്തിപരമായ ചർച്ചകൾ ആയിരുന്നു എന്ന് മാത്രമാണ് ഇപ്പോൾ പറയാനുള്ള കാര്യം. അദ്ദേഹം തന്നെ സിറ്റിക്കെതിരെ കളിക്കണ്ട എന്നതിനാണ് മുൻഗണന നൽകിയത്. ബാക്കിയുള്ളത് ഞങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്താണ് സാഹചര്യം എന്ന് ഞാൻ വിശദീകരിച്ചിട്ടുണ്ട്. അതിൽ കൂടുതലൊന്നും തന്നെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് പരിക്കൊന്നും തന്നെ ഇല്ല. എല്ലാ താരങ്ങളെയും ഞാൻ ബഹുമാനിക്കുന്ന പോലെ അദ്ദേഹത്തെയും ഞാൻ ബഹുമാനിക്കുന്നു. ഡ്രസിങ് റൂമിൽ സംഭവിച്ച കാര്യങ്ങൾ അവിടെ തന്നെ ഒതുങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം നിലവിൽ റയൽ മാഡ്രിഡിന്റെ താരമാണ്. അക്കാര്യത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹം കളിക്കാൻ താല്പര്യപ്പെടുന്നില്ല. ഇതിനെ കുറിച്ച് ഇത്രയേ പറയാനൊള്ളൂ. ഇപ്പോൾ ഞങ്ങൾ തയ്യാറാവുന്നതും ശ്രദ്ധിക്കുന്നതും മത്സരത്തിലാണ് ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *