ഇതൊരു മോശം ഡീൽ: ഹൂലിയന്റെ ട്രാൻസ്ഫറിനോട് പ്രതികരിച്ച് ആരാധകർ!
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിനെ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുകയാണ്. പല മാധ്യമപ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വലിയ ഒരു തുകയാണ് അത്ലറ്റിക്കോ മാഡ്രിഡ് താരത്തിനു വേണ്ടി ചിലവഴിക്കുന്നത്. 75 മില്യൺ യൂറോക്ക് പുറമേ 15 മില്യൻ യൂറോ ആഡ് ഓൺസുമുണ്ട്. അതായത് 90 മില്യൺ യൂറോയോളം താരത്തിന് വേണ്ടി ഈ ലാലിഗ ക്ലബ്ബ് ചിലവഴിക്കുന്നുണ്ട്.
ഹൂലിയന്റെ ഈ ട്രാൻസ്ഫറിൽ ഫുട്ബോൾ ആരാധകർ തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.ട്വിറ്ററിലെ ചില പ്രതികരണങ്ങൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിലൊരു ആരാധകന്റെ അഭിപ്രായം ഇങ്ങനെയാണ്.
“ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മോശം ഡീലുകളിൽ ഒന്നാണ് ഇത്. ഇത്രയും വലിയ തുകയൊന്നും ഹൂലിയൻ അർഹിക്കുന്നില്ല. അദ്ദേഹം അത്ലറ്റിക്കോയിൽ തിളങ്ങും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ഈ ട്രാൻസ്ഫർ തുക വളരെയധികം സ്റ്റുപ്പിഡാണ് ” ഇതാണ് ഒരു ആരാധകന്റെ അഭിപ്രായം.
അതേസമയം ഈ ഡീലിനെ പ്രശംസിച്ചുകൊണ്ട് ഒരുപാടുപേർ രംഗത്ത് വന്നിട്ടുണ്ട്. വരുന്ന സീസണിൽ അത്ലറ്റിക്കോ മാഡ്രിഡ് പൊളിച്ചടുക്കും എന്നാണ് ഒരാളുടെ അഭിപ്രായം.ഹൂലിയൻ മാഞ്ചസ്റ്റർ സിറ്റി വിടുന്നത് നല്ല കാര്യമാണെന്നും ഹാലന്റ് ഉണ്ടായതുകൊണ്ട് തന്നെ ഒരുകാലത്തും അവിടെ അവസരങ്ങൾ ലഭിക്കില്ലെന്നും ഒരാൾ നിരീക്ഷിച്ചിട്ടുണ്ട്.
അത്ലറ്റിക്കോ മാഡ്രിഡ് ഹൂലിയനെ ഒരു കിടിലൻ സ്ട്രൈക്കറാക്കി മാറ്റുമെന്ന് മറ്റൊരാൾ പറഞ്ഞിട്ടുണ്ട്. അതേസമയം തെറ്റായ ദിശയിലാണ് ഹൂലിയൻ സഞ്ചരിക്കുന്നത് എന്നും അഗ്വേറോയെ മാതൃകയാക്കി സിറ്റിയിൽ തന്നെ തുടരണമായിരുന്നു എന്നും ഒരാൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ഹൂലിയന്റെ കൂടുമാറ്റം ഇപ്പോൾ ഫുട്ബോൾ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.