ഒർട്ടേഗക്ക് കിട്ടിയ പ്രശംസയാണോ ഇതിനൊക്കെ കാരണം? പ്രതികരിച്ച് എഡേഴ്സൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന 37ആം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാമിനെയായിരുന്നു പരാജയപ്പെടുത്തിയിരുന്നത്. ആ മത്സരത്തിൽ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സണ് പരിക്കേറ്റിരുന്നു. തുടർന്ന് മറ്റൊരു ഗോൾ കീപ്പറായ ഒർട്ടെഗ പകരക്കാരനായി ഇറങ്ങി മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹം നടത്തിയ ഒരു സേവ് സിറ്റിക്ക് കിരീടം നേടിക്കൊടുത്തു എന്ന് പറയുന്നതാവും ശരി. അതുകൊണ്ടുതന്നെ വലിയ പ്രശംസകൾ ഈ ഗോൾകീപ്പർ ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഒർട്ടെഗക്ക് ലഭിച്ച പ്രശംസകൾ എഡേഴ്സനെ വേദനപ്പെടുത്തി എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടാണ് താരം ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി വിടാൻ ശ്രമിക്കുന്നതെന്നും ഇവർ പറഞ്ഞു. എന്നാൽ ഇത് പൂർണ്ണമായും നിഷേധിച്ചുകൊണ്ട് എഡേഴ്സൺ തന്നെ രംഗത്ത് വന്നിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
“അത്ലറ്റിക്ക് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിലെ കാര്യങ്ങളെക്കുറിച്ച് വ്യക്തതകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സഹപ്രവർത്തകനുമായി എനിക്ക് പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് തികച്ചും വ്യാജമാണ്. എന്റെ കരിയറിലെ ഏറ്റവും മോശമായ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അതിന് കാരണം അന്നത്തെ പരിക്ക് തന്നെയാണ്. കൂടാതെ കോപ്പ അമേരിക്കയിൽ പങ്കെടുക്കാനും അത് കാരണം എനിക്ക് സാധിച്ചില്ല. മത്സരത്തിൽ തുടരാൻ തന്നെയായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ പരിക്ക് കാരണം എനിക്ക് പിൻവാങ്ങേണ്ടി വരികയായിരുന്നു. അല്ലാതെ മറ്റൊന്നും അവിടെയില്ല. അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഞാൻ ശ്രദ്ധാകേന്ദ്രീകരിച്ചിരിക്കുന്നത് “ഇതാണ് ബ്രസീലിയൻ ഗോൾകീപ്പർ എഴുതിയിട്ടുള്ളത്.
സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റുമായി എഡേഴ്സൺ ധാരണയിൽ എത്തിയിരുന്നു. പക്ഷേ സിറ്റി ആവശ്യപ്പെട്ട തുക ഈ ക്ലബ്ബ് നൽകാൻ വിസമ്മതിച്ചതോടെ അത് നടന്നില്ല. നിലവിൽ ഇത്തിഹാദ് അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.പക്ഷേ 60 മില്യൺ യൂറോ നൽകാതെ താരത്തെ കൈവിടില്ല എന്ന നിലപാടിൽ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും ഉറച്ചു നിൽക്കുന്നത്.