അർജന്റൈൻ ക്യാമ്പ് മാത്രമല്ല,ബ്രസീലിയൻ ഇതിഹാസവും കൊള്ളയടിക്കപ്പെട്ടു
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് ഇത്തവണത്തെ ഒളിമ്പിക്സ് അരങ്ങേറുന്നത്.ഒളിമ്പിക് ഫുട്ബോൾ നേരത്തെ ആരംഭിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒട്ടേറെ വിവാദങ്ങൾ തുടരുകയാണ്.അർജന്റൈൻ പരിശീലകനായ ഹവിയർ മശെരാനോ തങ്ങൾ ഫ്രാൻസിൽ നേരിടുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു.അർജന്റൈൻ ക്യാമ്പ് കൊള്ളയടിക്കപ്പെട്ടുവെന്നും തിയാഗോ അൽമേഡയുടെ വസ്തുക്കൾ നഷ്ടമായെന്നും മശെരാനോ പറഞ്ഞിരുന്നു.
അതിന് സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയിട്ടുള്ളത്. അതായത് ബ്രസീലിയൻ ഇതിഹാസമായ സീക്കോ ഒളിമ്പിക്സ് വീക്ഷിക്കാൻ വേണ്ടി പാരീസിൽ എത്തിയിരുന്നു.ഒളിമ്പിക് കമ്മിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അദ്ദേഹം പാരീസിൽ എത്തിയിരുന്നത്.എന്നാൽ വ്യാഴാഴ്ച രാത്രി അദ്ദേഹവും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. 500000 യൂറോ മൂല്യം വരുന്ന വസ്തുക്കൾ അദ്ദേഹത്തിന് നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ.
അതായത് ഹോട്ടലിൽ നിന്നും പുറത്തിറങ്ങി കാറിൽ പ്രവേശിച്ച സമയത്താണ് ഈ കൊള്ള നടന്നിട്ടുള്ളത്. ഒരു വ്യക്തി സീക്കോയോട് സംസാരിക്കുകയും ശ്രദ്ധ മാറ്റുകയും ചെയ്തു. ഈ സമയത്ത് മറ്റൊരു വ്യക്തി കാറിലുള്ള അദ്ദേഹത്തിന്റെ സ്യൂട്ട് കേസ് മോഷ്ടിക്കുകയായിരുന്നു.ഒരു റോളക്സ് വാച്ച്, ഡയമണ്ട് നെക്ലൈസ്, പണം എന്നിവയൊക്കെയായിരുന്നു ആ സ്യൂട്ട് കേസിൽ ഉണ്ടായിരുന്നത്.അതൊക്കെ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ഉടൻതന്നെ അദ്ദേഹം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പാരീസിലെ ഇത്തരം ക്രൈമുകൾ കായിക പ്രേമികളെ വല്ലാതെ അലട്ടുന്നുണ്ട്.സുരക്ഷ ഉദ്യോഗസ്ഥർ കൃത്യമായ നടപടി എടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അർജന്റീനയും മൊറൊക്കോയും തമ്മിൽ നടന്ന മത്സരത്തിൽ ഗുരുതര സുരക്ഷാ വീഴ്ച രേഖപ്പെടുത്തിയിരുന്നു.നിരവധി തവണയായിരുന്നു ആരാധകർ കളിക്കളം കയ്യേറിയത്.മാത്രമല്ല അർജന്റീന താരങ്ങൾക്ക് നേരെ പടക്കയേറ് സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങളായിരുന്നു അർജന്റൈൻ ക്യാമ്പ് ഉന്നയിച്ചിരുന്നത്.