ഡി ബ്രൂയിനയെ അൽ ഇത്തിഹാദ് സ്വന്തമാക്കിയോ? പ്രചരിക്കുന്ന വാർത്തകളിലെ സത്യമെന്ത്?
മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനക്ക് ക്ലബ്ബുമായി ഒരു വർഷത്തെ കരാറാണ് അവശേഷിക്കുന്നത്. ഈ കരാർ പുതുക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡി ബ്രൂയിന ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. താരത്തെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് ഇപ്പോൾ വലിയ താല്പര്യമുണ്ട്.
കഴിഞ്ഞ സമ്മറിൽ തന്നെ ഈ താരത്തെ സ്വന്തമാക്കാൻ വേണ്ടി അവർ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. പക്ഷേ ഇത്തവണ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദ് രണ്ടും കല്പിച്ചാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ ഫലം കണ്ടു എന്നുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തേക്ക് വന്നിരുന്നു.അതായത് ഡി ബ്രൂയിന അൽ ഇത്തിഹാദുമായി അഗ്രിമെന്റിൽ എത്തി എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇതിലെ സത്യാവസ്ഥ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് നിലവിൽ ഡി ബ്രൂയിന ക്ലബ്ബുമായി അഗ്രിമെന്റിൽ എത്തിയിട്ടില്ല.ഇന്നലെ പുറത്തേക്ക് വന്ന വാർത്ത സത്യമല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. നിലവിൽ രണ്ട് ഡീലുകളിലാണ് അൽ ഇത്തിഹാദ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.അതിൽ മൗസ ഡിയാബിയുടെ ഡീൽ അവർ പൂർത്തിയാക്കി കഴിഞ്ഞു.
ഇനി ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സണെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഈ സൗദി ക്ലബ്ബ് ഉള്ളത്. ഇതിനുശേഷമായിരിക്കും അവർ ഡി ബ്രൂയിനയുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതേസമയം മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയതാണ്.കരാർ പുതുക്കാൻ ഉദ്ദേശിക്കുന്ന ഇല്ലെങ്കിൽ ഈ സമ്മറിൽ അദ്ദേഹത്തെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ തയ്യാറാണ്.