ഒരു ഇതിഹാസം പടിയിറങ്ങാനായ സമയത്ത് മറ്റൊരാളെ സമ്മാനിക്കുന്നു,ലാ മാസിയ വ്യത്യസ്തരാകുന്നത് ഇവിടെ!

ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് ഇനി ഒന്നും തന്നെ മെസ്സിക്ക് തെളിയിക്കാനില്ല.ഒരു താരത്തിന് സാധ്യമായതെല്ലാം മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ കോപ്പ അമേരിക്കയും അർജന്റീനക്കൊപ്പം മെസ്സി കരസ്ഥമാക്കി കഴിഞ്ഞു.

45 കിരീടങ്ങൾ നേടിയ മെസ്സിയാണ് എന്ന് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം. പക്ഷേ ഇനി അധികകാലമൊന്നും താൻ കളിക്കളത്തിൽ ഉണ്ടാവില്ല എന്ന യാഥാർത്ഥ്യം മെസ്സി തന്നെ പങ്കുവച്ചിരുന്നു. ഫുട്ബോൾ ലോകത്തിന് നിരവധി ഇതിഹാസങ്ങളെ സമ്മാനിച്ച ബാഴ്സലോണ അക്കാദമിയാണ് ലാ മാസിയ. പക്ഷേ അവർ ഫുട്ബോൾ ലോകത്തിന് നൽകിയ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

മെസ്സിയെന്ന ഇതിഹാസം പടിയിറങ്ങാനായി നിൽക്കുന്ന സമയത്ത് മറ്റൊരു പ്രതിഭയെ ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിരിക്കുകയാണ് ലാ മാസിയ.അത് മറ്റാരുമല്ല,ലാമിൻ യമാലെന്ന വണ്ടർ കിഡാണ്. കേവലം 17 വയസ്സ് മാത്രമുള്ള യമാൽ ഇപ്പോൾതന്നെ സ്പാനിഷ് ടീമിനോടൊപ്പം യൂറോ കപ്പ് നേടിക്കഴിഞ്ഞു. മാത്രമല്ല ആ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിക്കാൻ ഈ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. താരം ഉണ്ടാക്കിയ ഇൻഫ്ലുവൻസ് വളരെ വലുതാണ്.

ഒരു ഗോളും നാല് അസിസ്റ്റുമാണ് യമാൽ ടൂർണമെന്റിൽ നേടിയത്.മികച്ച യുവതാരത്തിനുള്ള പുരസ്കാരവും മികച്ച ഗോളിനുള്ള പുരസ്കാരവും യമാൽ നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് വേണ്ടിയും തകർപ്പൻ പ്രകടനം യമാൽ നടത്തിയിട്ടുണ്ട്. 6 യൂറോ കപ്പ് ടൂർണമെന്റുകളിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 7 അസിസ്റ്റുകൾ നേടിയതെങ്കിൽ ഒരൊറ്റ ടൂർണമെന്റിൽ നിന്ന് തന്നെ യമാൽ നാല് അസിസ്റ്റുകൾ നേടിയിട്ടുണ്ട്. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഇമ്പാക്ട് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ചുരുക്കത്തിൽ മറ്റൊരു സൂപ്പർ താരത്തെയാണ് ലാ മാസിയ യമാലിലൂടെ ഫുട്ബോൾ ലോകത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വലിയൊരു ഭാവി ഈ താരത്തിന് എല്ലാവരും കാണുന്നുണ്ട്. പരിക്കിന്റെ പ്രതിസന്ധികൾ ഒന്നും അലട്ടിയില്ലെങ്കിൽ തീർച്ചയായും യമാൽ ഉയരങ്ങൾ കീഴടക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *