ബാഴ്സ വണ്ടർകിഡ് പിഎസ്ജിക്കായി അരങ്ങേറി !

മുൻ ബാഴ്സലോണ വണ്ടർക്കിഡും ഭാവി സൂപ്പർ താരമായി വാഴ്ത്തപ്പെടുന്ന താരവുമായ സാവി സിമൺസ് ഇന്നലെ പിഎസ്ജിയുടെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. ഇന്നലെ നടന്ന പിഎസ്ജി-സോഷാക്സ് മത്സരത്തിലായിരുന്നു സാവി പിഎസ്ജിക്ക് വേണ്ടി തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിന്റെ അറുപത്തിയൊമ്പതാമത്തെ മിനുട്ടിൽ ജൂലിയൻ ഡ്രാക്സ്ലർക്ക് പകരക്കാരനായിട്ടായിരുന്നു സാവി കളത്തിലേക്ക് ഇറങ്ങിയത്. അനൗദ്യോഗികമത്സരമായിരുന്നുവെങ്കിലും താരത്തിന് പതിനേഴാം വയസ്സിൽ തന്നെ പിഎസ്ജി ജേഴ്‌സിയിൽ അരങ്ങേറാൻ സാധിച്ചു. ബാഴ്സയുടെ അക്കാദമിയിലൂടെ വളർന്ന ഡച്ച് താരമാണ് സാവി. കഴിഞ്ഞ വർഷമായിരുന്നു താരം ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.

മിഡ്ഫീൽഡർ ആയികൊണ്ടാണ് താരം തന്റെ പ്രതിഭ തെളിയിച്ചിരിക്കുന്നത്. കൂടാതെ മറ്റൊരു ലാമാസിയ പ്രോഡക്റ്റും ഇന്നലെ പിഎസ്ജി ജേഴ്‌സിയിൽ അരങ്ങേറി. കായ്സ് റൂയിസ്‌ എന്ന താരമാണ് ഇന്നലെ അരങ്ങേറ്റം കുറിച്ചത്. ഒട്ടേറെ അക്കാദമി താരങ്ങൾക്ക് അവസരം നൽകികൊണ്ടായിരുന്നു ടഷേൽ ഇന്നലത്തെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇരുവർക്കും പുറമെ മുൻപ് ലാമാസിയയിലൂടെ വളർന്ന മൂന്നു പേരും സ്‌ക്വാഡിൽ ഇടംനേടിയിരുന്നു. ആൻഡർ ഹെരേര, പാബ്ലോ സറാബിയ, യുവാൻ ബെർനാട്ട് എന്നിവർ ബാഴ്സ അക്കാദമിയിൽ വളർന്ന താരങ്ങൾ ആയിരുന്നു. നെയ്‌മർ, ഇകാർഡി എന്നിവർക്ക് ഇന്നലെ വിശ്രമം അനുവദിച്ചു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി വിജയിച്ചു. ചോപോ മോട്ടിങ് ആണ് ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *