അകാഞ്ചി,ഇടത്തോട്ട് ചാടുക: ഇംഗ്ലണ്ടിനെ രക്ഷിച്ചത് പിക്ക്ഫോർഡിന്റെ വാട്ടർ ബോട്ടിൽ!
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് സ്വിറ്റ്സർലാൻഡിനെ തോൽപ്പിച്ചത്. ആദ്യം സ്വിറ്റ്സർലാൻഡ് എമ്പോളോയിലൂടെ ലീഡ് നേടിയെങ്കിലും സാക്ക ഇംഗ്ലണ്ടിന് സമനില നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ മാനുവൽ അകാഞ്ചിയുടെ ഷോട്ട് ജോർദാൻ പിക്ക്ഫോർഡ് സേവ് ചെയ്യുകയായിരുന്നു.ഇതോടുകൂടിയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
ഈ മത്സരവുമായി ബന്ധപ്പെട്ടുകൊണ്ട് വൈറലാകുന്നത് ഇംഗ്ലീഷ് ഗോൾകീപ്പറായ പിക്ക്ഫോർഡിന്റെ വാട്ടർ ബോട്ടിലാണ്. അതായത് ഓരോ സ്വിറ്റ്സർലാൻഡ് താരത്തിന്റെ പേരും അവർ ഷോട്ട് എടുക്കാൻ സാധ്യതയുള്ള സൈഡും അതിൽ എഴുതി വെച്ചിരുന്നു. അതായത് മത്സരത്തിന് മുന്നേ തന്നെ പെനാൽറ്റി ഷൂട്ടൗട്ട് ഉണ്ടായാൽ അത് തടയാനുള്ള തയ്യാറെടുപ്പുകൾ ഈ ഗോൾ കീപ്പർ നടത്തിയിരുന്നു. മറന്ന് പോവാതിരിക്കാൻ വേണ്ടിയാണ് ആ ലിസ്റ്റ് അദ്ദേഹം തന്റെ വാട്ടർ ബോട്ടിലിൽ എഴുതി വെച്ചിട്ടുള്ളത്.
അതാണ് ശരിക്കും ഇന്നലെ ഇംഗ്ലണ്ടിനെ രക്ഷിച്ചത്. അതായത് മാനുവൽ അകാഞ്ചിയുടെ പെനാൽറ്റി ഈ വാട്ടർ ബോട്ടിലിന്റെ സഹായത്തോടുകൂടിയാണ് ഈ ഗോൾകീപ്പർ തടഞ്ഞത്.അകാഞ്ചി,ഡൈവ് ലെഫ്റ്റ് എന്ന് അദ്ദേഹം നേരത്തെ ഇതിൽ എഴുതിയിരുന്നു. അതേ പ്രകാരം തന്നെയാണ് അകാഞ്ചി പെനാൽറ്റി എടുത്തത്. ഇടത്തേക്ക് ഡൈവ് ചെയ്ത പിക്ക്ഫോർഡ് അത് തടയുകയും ചെയ്തിരുന്നു.അതിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഇപ്പോൾ സെമിഫൈനൽ കളിക്കാൻ പോകുന്നത്.
സെമി ഫൈനലിൽ നെതർലാന്റ്സാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.വരുന്ന ജൂലൈ പത്താം തീയതി അർദ്ധരാത്രിയാണ് ഈ മത്സരം നടക്കുക. ഈ യൂറോകപ്പിൽ പ്രതീക്ഷക്കൊത്ത പ്രകടനം ഒന്നും പുറത്തെടുക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. പക്ഷേ സെമി ഫൈനൽ വരെ മുന്നേറാൻ അവർക്കിപ്പോൾ സാധിച്ചിട്ടുണ്ട്.