ഞങ്ങൾ എന്താണ് ചെയ്തതെന്ന് ഞങ്ങൾക്ക് ഇപ്പോൾ മനസ്സിലായിട്ടില്ല:ജോർജിയ കോച്ച്

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ അത്ഭുതപ്പെടുത്തുന്ന വിജയമാണ് ജോർജിയ സ്വന്തമാക്കിയിട്ടുള്ളത്. കരുത്തരായ പോർച്ചുഗലിനെ എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് അവർ അട്ടിമറിക്കുകയായിരുന്നു.ക്വാരഷ്ക്കേലിയ,ജിയോർജസ് എന്നിവർ നേടിയ ഗോളുകളാണ് ജോർജിയക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. കൂടാതെ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത കരസ്ഥമാക്കാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.

ഈയൊരു വിജയത്തിലും കോളിഫിക്കേഷനിലും ജോർജിയൻ പരിശീലകനായ സഗ്നോൾ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.നമ്മൾ എന്താണ് ചെയ്തത് എന്നത് നമുക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഈ ടീമിനെ ഓർത്ത് താൻ ഒരുപാട് അഭിമാനിക്കുന്നുവെന്നും സാഗ്നോൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ എന്താണ് ചെയ്തതെന്ന് ഞങ്ങൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.പക്ഷേ ഞങ്ങൾ പരാജയപ്പെട്ട് വീട്ടിലേക്ക് മടങ്ങുന്ന സമയത്തായിരിക്കും ഞങ്ങൾ ഇത് മനസ്സിലാക്കുക.എനിക്കിപ്പോൾ കൂടുതൽ ഒന്നും പറയാനില്ല.ഈ ടീമിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.ഇവരുടെ പരിശീലകനായി കൊണ്ട് തുടരാൻ കഴിയുന്നതിൽ ഒരുപാട് അഭിമാനിക്കുന്നു. ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും ചെറിയ ടീമാണ് ഞങ്ങൾ.ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല.മറ്റുള്ള ടീമുകളിൽ ഉള്ളവർക്ക് പലപ്പോഴും സമ്മർദ്ദം ഉണ്ടാകും.ഞങ്ങൾക്ക് അതില്ല. ഈ രാജ്യത്തെ അഭിമാനം കൊള്ളിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം ” ഇതാണ് ജോർജിയ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എന്നാൽ ജോർജിയക്ക് അടുത്ത ഘട്ടം ഒട്ടും എളുപ്പമല്ല. കരുത്തരായ സ്പെയിനിനെയാണ് അവർക്ക് പ്രീ ക്വാർട്ടറിൽ നേരിടേണ്ടി വരുന്നത്.ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ചു കൊണ്ടാണ് അവർ കടന്നുവരുന്നത്. വരുന്ന മുപ്പതാം തീയതി അർദ്ധരാത്രിയാണ് ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *