മാസ്ക് പ്രശ്നമാണ്:എംബപ്പേയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോച്ച്
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ ഫ്രാൻസ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ പോളണ്ടാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസ് സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ മികച്ച വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ഫ്രാൻസ് ഇറങ്ങുക.
കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ കളിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ മൂക്കിന് പരിക്കേറ്റതിനെ തുടർന്നായിരുന്നു എംബപ്പേക്ക് കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ചത്. ഇന്നത്തെ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസ്ക് ധരിച്ചു കൊണ്ടാണ് എംബപ്പേ കളിക്കുന്നത്. മാസ്ക് എംബപ്പേയുടെ കാഴ്ചക്ക് പ്രശ്നമുണ്ടാക്കുന്നുവെന്നും അത് പ്രകടനത്തെ ബാധിക്കാൻ സാധ്യതയുണ്ട് എന്നുമുള്ള ആശങ്ക ഫ്രഞ്ച് പരിശീലകൻ പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ വിഷന് പ്രശ്നങ്ങൾ ഉണ്ട്. മാസ്ക് അദ്ദേഹത്തിന്റെ കാഴ്ചയെ ഒരല്പം പരിമിതപ്പെടുത്തുന്നുണ്ട്. ചില ആങ്കിളുകളിലേക്ക് നോക്കാൻ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.ഓരോ ദിവസം കൂടുന്തോറും അദ്ദേഹം മെച്ചപ്പെടുന്നുണ്ട്.ട്രെയിനിങ് സെഷനിലൊക്കെ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കാൻ ആഗ്രഹിച്ചിരുന്നു.ഈ മത്സരത്തിലും അദ്ദേഹം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ മാസ്ക്കുമായി അദ്ദേഹം ഇടപഴകിയിട്ടുണ്ട് “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇതേ സമയത്ത് തന്നെയാണ് ഗ്രൂപ്പിൽ ഓസ്ട്രിയയും നെതർലാന്റ്സും തമ്മിൽ ഏറ്റുമുട്ടുന്നത്. നിലവിൽ 4 പോയിന്റുള്ള നെതർലാന്റ്സ് ഒന്നാം സ്ഥാനത്തും ഇതേ പോയിന്റ് ഉള്ള ഫ്രാൻസ് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. മൂന്ന് പോയിന്റ് ഉള്ള ഓസ്ട്രിയ മൂന്നാം സ്ഥാനത്താണ്. അതേസമയം പോളണ്ട് ഗ്രൂപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിട്ടുണ്ട്.