ബ്രാവോയെ അറിയില്ലേ? കോപ്പ അമേരിക്കയിൽ പുതിയ റെക്കോർഡ് കുറിച്ച് താരം!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ പെറുവും ചിലിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിലാണ് കലാശിച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല.പെറുവിനെക്കാൾ ഒരല്പം ആധിപത്യം അവകാശപ്പെടാൻ മത്സരത്തിൽ ചിലിക്ക് സാധിച്ചിരുന്നു.
ഈ മത്സരത്തിൽ ചിലിയുടെ ഗോൾ വല കാത്തത് ക്ലോഡിയോ ബ്രാവോയാണ്. 41 വയസ്സുള്ള ഈ ഗോൾകീപ്പർ മികച്ച പ്രകടനം നടത്തുകയും ചെയ്തു.മത്സരത്തിൽ പങ്കെടുത്തതോടുകൂടി 2 റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗോൾകീപ്പർ എന്ന റെക്കോർഡ് ബ്രാവോയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈ മത്സരം കളിക്കുമ്പോൾ 41 വർഷവും 69 ദിവസവുമാണ് ഈ ഗോൾ കീപ്പറുടെ പ്രായം.
ബോളിവിയൻ ഗോൾകീപ്പറായ കാർലോസ് ട്രൂക്കോയുടെ റെക്കോർഡാണ് ഇദ്ദേഹം മറികടന്നിട്ടുള്ളത്. 39 വർഷവും 322 ദിവസവും ഉള്ളപ്പോൾ ഇദ്ദേഹം സ്വന്തമാക്കിയ റെക്കോർഡാണ് ബ്രാവോ തകർത്തിട്ടുള്ളത്. 1997ലെ ടൂർണമെന്റിലായിരുന്നു ഈ റെക്കോർഡ് സ്ഥാപിക്കപ്പെട്ടിരുന്നത്.
അതേസമയം കോപ്പ അമേരിക്ക ചരിത്രത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും ഇതിലൂടെ ബ്രാവോ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. നാല്പതാം വയസ്സിൽ പെറുവിന് വേണ്ടി കോപ്പ അമേരിക്ക കളിച്ച പൗലോ ഗ്വരേരോയുടെ റെക്കോർഡാണ് ഈ താരം ഇപ്പോൾ തകർത്തിട്ടുള്ളത്. ഈ റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞതിൽ ബ്രാവോ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ ബാഴ്സലോണയിൽ വെച്ച് മെസ്സിക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് ബ്രാവോ.നിലവിൽ മറ്റൊരു സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിന്റെ താരമാണ് ഇദ്ദേഹം.