ഭാവിയിലെ ബാലൺഡി’ഓർ ജേതാവ്, അവനെ തടയാൻ വേണ്ടതെല്ലാം ചെയ്യും: ബെല്ലിങ്ങ്ഹാമിനെ കുറിച്ച് എതിർ പരിശീലകൻ!
യുവേഫ യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ഇംഗ്ലണ്ട് ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ സെർബിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഐസ്ലാൻഡിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയവരാണ് ഇംഗ്ലണ്ട്.അതുകൊണ്ടുതന്നെ വിജയവും അതുവഴി തിരിച്ചുവരവുമാണ് ഇംഗ്ലണ്ട് ലക്ഷ്യം വെക്കുന്നത്.
ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാം നിലവിൽ മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ അദ്ദേഹം ബാലൺഡി’ഓർ പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ട്. താരത്തെക്കുറിച്ച് സെർബിയൻ പരിശീലകനായ ഡ്രാഗൻ സ്റ്റോയ്ക്കോവിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ബെല്ലിങ്ങ്ഹാം ഭാവിയിൽ ബാലൺഡി’ഓർ സ്വന്തമാക്കുമെന്നും അദ്ദേഹത്തെ തടയാൻ ആവശ്യമായ എല്ലാതും ഇന്ന് കളിക്കളത്തിൽ തങ്ങൾ നടപ്പിലാക്കും എന്നുമാണ് സെർബിയൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബെല്ലിങ്ങ്ഹാം ഒരു മികച്ച താരമാണ്. ഭാവിയിൽ എന്തായാലും അവൻ ബാലൺഡി’ഓർ സ്വന്തമാക്കും. യുവതാരമാണെങ്കിലും അദ്ദേഹത്തിന്റെ കരുത്തും ക്വാളിറ്റിയും അദ്ദേഹം റയൽ മാഡ്രിഡിൽ തെളിയിച്ചു തന്നതാണ്.എല്ലാ മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. ഇംഗ്ലണ്ടിന് വേണ്ടിയും അത് പുറത്തെടുക്കുന്നു.അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം മോശം കാര്യമാണ്.അവനെ തടഞ്ഞുനിർത്താൻ ആവശ്യമായ സകലതും ഞങ്ങൾ ചെയ്യും. അവന് സ്പേസുകൾ നൽകാതിരിക്കുക എന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്. ട്രെയിനിങ്ങിൽ പഠിച്ചതെല്ലാം ഞങ്ങൾ കളിക്കളത്തിൽ നടപ്പിലാക്കേണ്ടതുണ്ട് “ഇതാണ് സെർബിയൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ലാലിഗയിൽ 19 ഗോളുകളും 6 അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ് ബെല്ലിങ്ങ്ഹാം. റയൽ മാഡ്രിഡിന്റെ രണ്ട് കിരീട നേട്ടങ്ങളിലും വലിയ പങ്ക് വഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ യൂറോകപ്പ് സ്വന്തമാക്കി കഴിഞ്ഞാൽ ബെല്ലിങ്ങ്ഹാമിന് ബാലൺഡി’ഓർ ലഭിക്കാനുള്ള സാധ്യതകൾ ഏറെ വർധിക്കുകയാണ് ചെയ്യുക.