പെലെയെ മറികടക്കുന്നതിൽ പരാജയപ്പെട്ട് എൻഡ്രിക്ക്,ഇനി കോപ്പ അമേരിക്കയിൽ സാധ്യമാകുമോ?
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ വമ്പന്മാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.അമേരിക്കയായിരുന്നു ബ്രസീലിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ബ്രസീലിന് വേണ്ടി റോഡ്രിഗോ ഗോൾ നേടിയപ്പോൾ അമേരിക്കയുടെ ഗോൾ പുലിസിച്ചിന്റെ വകയായിരുന്നു. മത്സരത്തിന്റെ അവസാന 25 മിനിട്ടുകളാണ് യുവ സൂപ്പർ താരം എൻഡ്രിക്ക് കളിച്ചിട്ടുള്ളത്.
ഈ മത്സരത്തിൽ ഗോൾ നേടുന്നതിൽ എൻഡ്രിക്ക് പരാജയപ്പെടുകയായിരുന്നു. അതിനു മുന്നേ നടന്ന മൂന്ന് മത്സരങ്ങളിലും ഗോൾ നേടിക്കൊണ്ട് ബ്രസീലിയൻ ഇതിഹാസമായ പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ എൻഡ്രിക്കിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ വെമ്പ്ലി യിൽ വെച്ചും സ്പെയിനിനെതിരെ സാൻഡിയാഗോ ബെർണാബുവിൽ വെച്ചും ഗോൾ നേടിയ താരമാണ് എൻഡ്രിക്ക്. കൂടാതെ കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിന്റെ വിജയഗോൾ നേടിയതും എൻഡ്രിക്ക് തന്നെയായിരുന്നു. ഇതോടുകൂടിയായിരുന്നു അദ്ദേഹം പെലെയുടെ റെക്കോർഡിനൊപ്പം എത്തിയത്.

അതായത് 18 വയസ്സിന് മുന്നേ ബ്രസീൽ ദേശീയ ടീമിന് വേണ്ടി തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് പെലെയുടെ പേരിലായിരുന്നു.ഈ റെക്കോർഡിന് ഒപ്പമെത്താൻ എൻഡ്രിക്കിന് സാധിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ അമേരിക്കക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടാൻ പരാജയപ്പെട്ടതോടെ പെലെയെ മറികടക്കാനുള്ള അവസരമാണ് താരത്തിന് നഷ്ടമായിട്ടുള്ളത്.ഗോൾ നേടിയിരുന്നുവെങ്കിൽ 18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപേ ബ്രസീൽ ദേശീയ ടീമിന് വേണ്ടി തുടർച്ചയായി 4 മത്സരങ്ങളിൽ ഗോളുകൾ നേടുന്ന ആദ്യത്തെ താരമായി മാറാൻ എൻഡ്രിക്കിന് സാധിക്കുമായിരുന്നു.
ഈ റെക്കോർഡ് സ്വന്തമാക്കാൻ ഇനിയും എൻഡ്രിക്കിന് സാധിക്കും. കാരണം ജൂലൈ 21ആം തീയതിയാണ് താരത്തിന് 18 വയസ്സ് പൂർത്തിയാവുക.അതിനെ മുൻപേ ബ്രസീൽ കോപ്പ അമേരിക്കയിൽ മത്സരങ്ങൾ കളിക്കുന്നുണ്ട്.കോപ്പ അമേരിക്കയിലെ 4 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടാൻ കഴിഞ്ഞാൽ എൻഡ്രിക്കിന് ഈയൊരു റെക്കോർഡ് തനിച്ച് സ്വന്തമാക്കാൻ സാധിക്കും.