ബാഴ്സ സ്ട്രൈക്കെർക്ക് വേണ്ടി ചർച്ചകൾ ആരംഭിച്ച് എവെർട്ടണും വെസ്റ്റ്ഹാമും !

ഈ വർഷം തുടക്കത്തിലായിരുന്നു എഫ്സി ബാഴ്സലോണ ലെഗാനസിൽ നിന്നും സ്ട്രൈക്കെർ മാർട്ടിൻ ബ്രാത്വെയിറ്റിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ദീർഘകാലം പരിക്കിന്റെ പിടിയിലായി പുറത്തിരിക്കുന്ന ഡെംബലെയുടെ പകരക്കാരൻ എന്ന രൂപത്തിലാണ് താരത്തെ ബാഴ്സ ക്ലബിൽ എത്തിച്ചത്. എന്നാൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ താരത്തിന് ലഭിച്ചോള്ളൂ എന്ന് മാത്രമല്ല വലിയ തോതിലുള്ള ഒരു ചലനം സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. കേവലം പതിനൊന്നു മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിരുന്നു. 2024 വരെയാണ് താരത്തിന് ബാഴ്സയിൽ കരാർ ഉണ്ടെങ്കിലും താരത്തെ ബാഴ്സ വിൽക്കാൻ തയ്യാറെടുക്കുകയാണ്. ഒരു വർഷം പോലും തികയുന്നതിന് മുൻപ് താരത്തെ കയ്യൊഴിയാനുള്ള തീരുമാനത്തിലാണ് ബാഴ്സ. ക്ലബ് നേരിടുന്ന സാമ്പത്തികഞെരുക്കം തന്നെയാണ് ഈ ഒരു നീക്കത്തിന് അധികൃതരെ പ്രേരിപ്പിക്കുന്നത്.

സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയുടെ റിപ്പോർട്ട്‌ അനുസരിച്ച് രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ ആണ് താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിലുള്ളത്. എവെർട്ടണും വെസ്റ്റ്ഹാം യുണൈറ്റഡും. എവെർട്ടൻ കുറച്ചു മുൻപ് തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും വെസ്റ്റ്ഹാം പുതുതായി ജോയിൻ ചെയ്യുകയായിരുന്നു. ബാഴ്സയുമായി ഇരുക്ലബുകളും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് അറിയാൻ കഴിയുന്നത്. പതിനാറ് മില്യൺ പൗണ്ടിനായിരുന്നു താരത്തെ ബാഴ്സ ക്ലബിൽ എത്തിച്ചതെങ്കിൽ പതിനെട്ടു മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി വെസ്റ്റ്ഹാം യുണൈറ്റഡ് ഓഫർ ചെയ്യുന്നത്. എന്നാൽ ഇത് ബാഴ്സ സ്വീകരിക്കുമോ എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഏതായാലും വരുംദിവസങ്ങളിൽ ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *