എന്തുകൊണ്ട് ഗ്രീലിഷിനേയും മാഡിസണേയും പുറത്താക്കി? വിശദീകരണവുമായി ഇംഗ്ലണ്ട് പരിശീലകൻ!
വരുന്ന യുവേഫ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. താര സമ്പന്നമായ ഒരു നിര തന്നെ അവർക്ക് അവകാശപ്പെടാൻ കഴിയുന്നുണ്ട്. അവരുടെ പരിശീലകനായ ഗാരെത് സൗത്ത് ഗേറ്റ് 33 താരങ്ങൾ ഉള്ള പ്രിലിമിനറി സ്ക്വാഡ് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്.പിന്നീട് ഇന്നലെ 7 താരങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇത് 26 ആക്കി ചുരുക്കുകയും ചെയ്തു.
സൂപ്പർ താരങ്ങളായ ജാക്ക് ഗ്രീലിഷ്,ജെയിംസ് മാഡിസൺ എന്നിവരെ ഈ പരിശീലകൻ ഒഴിവാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ഇവരെ പരിശീലകൻ ഒഴിവാക്കുകയായിരുന്നു. തന്നെ ഒഴിവാക്കിയതിലുള്ള നിരാശയും ദേഷ്യവും മാഡിസൺ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇവരെ ഒഴിവാക്കിയതിനുള്ള ഒരു വിശദീകരണം ഇന്നലെ ഇംഗ്ലണ്ട് പരിശീലകൻ നൽകുകയും ചെയ്തിട്ടുണ്ട്.സൗത്ത് ഗേറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ വാർത്തയെ എല്ലാ താരങ്ങളും ബഹുമാനത്തോടുകൂടി തന്നെയാണ് എടുത്തിട്ടുള്ളത്. അതുകൊണ്ടാണ് അവരെല്ലാവരും ടോപ്പ് താരങ്ങളായി കൊണ്ട് തുടരുന്നത്. യാഥാർത്ഥ്യം എന്തെന്നാൽ ഈ സീസണിൽ ലീഗുകളിൽ ഏറ്റവും മികച്ച രൂപത്തിൽ കളിച്ച ഒരുപാട് താരങ്ങൾ ഞങ്ങൾക്കുണ്ട് എന്നതാണ്. ബാക്കിയുള്ള താരങ്ങൾ, പ്രത്യേകിച്ച് കഴിഞ്ഞ ആറുമാസങ്ങളിൽ മികച്ച പ്രകടനം നടത്തി എന്നത് അനുഭവപ്പെട്ടതുകൊണ്ടാണ് ഇവർക്ക് സ്ഥാനം നഷ്ടമായിട്ടുള്ളത്.മുന്നേറ്റ നിരയിൽ ഞങ്ങൾക്ക് ഒരുപാട് ഓപ്ഷനുകൾ ലഭ്യമാണ്.ഗ്രീലിഷും മാഡിസണും ഞങ്ങൾക്ക് ഡിഫറെന്റായിട്ടുള്ള കോൺട്രിബ്യൂഷൻ നൽകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. തീർച്ചയായും അവരെ ഒഴിവാക്കിയത് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. പക്ഷേ സമീപകാലത്ത് അവരെക്കാൾ മികച്ച രൂപത്തിൽ കളിച്ച താരങ്ങളുണ്ട് “ഇതാണ് സൗത്ത് ഗേറ്റ് പറഞ്ഞിട്ടുള്ളത്.
പരിക്ക് കാരണം സൂപ്പർ താരം ഹാരി മഗ്വയ്ർക്കും ഇംഗ്ലണ്ട് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.ഈ സീസണിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കാത്തതാണ് ഗ്രീലീഷിന് തിരിച്ചടിയായത്.കേവലം 3 ഗോളുകളും ഒരു അസിസ്റ്റും മാത്രമായിരുന്നു അദ്ദേഹത്തിന് പ്രീമിയർ ലീഗിൽ നേടാൻ സാധിച്ചിരുന്നത്.